bjp-paravur
പറവൂർ നഗരസഭ കൗൺസിലർ ആശാ മുരളിയെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആദരിക്കുന്നു.

പറവൂർ: ലോക്ക്ഡൗൺ ഒരാഴ്ച പിന്നിടുമ്പോൾ പറവൂർ നഗരസഭയിലെ ആദ്യ കൊവിഡ് വിമുക്ത വാർഡായി കേസരി പതിനെട്ടാം വാർഡ് മാറിയതായി വാർഡ് കൗൺസിലർ ആശ മുരളി അറിയിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ വാർഡിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ച് വാക്സിനേഷൻ നൽകി. സേവാഭാരതിയുടെ നേതൃത്വത്തിൽ വാർഡിലെ പ്രധാന റോഡുകൾ അണുവിമുക്തമാക്കി. ഹോമിയോ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തു. കൊവിഡ് പോസിറ്റീവായിരുന്ന വീടുകളിലും ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മുപ്പതോളം വീടുകളിലും അവശ്യ മരുന്നുകളും ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് നൽകി. വാർഡിൽ മാതൃകാ പ്രവർത്തനം നടത്തിയ കൗൺസിലർ ആശ മുരളിയെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഷാൾ അണിയിച്ച് ആദരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒപ്പംനിന്ന ആശാവർക്കർ, ആരോഗ്യ പ്രവർത്തകർ. സഹപ്രവർത്തകർ എന്നിവർക്കും മാനദണ്ഡങ്ങൾ ശ്രദ്ധയോടെ പരിപാലിച്ചു വാർഡിനെ രോഗമുക്തിയിലേക്ക് നയിച്ച പൊതുജനങ്ങളോടും ആശ മുരളി നന്ദി പറഞ്ഞു.