35 ലക്ഷം രൂപയുടെ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
തൃക്കാക്കര: നിർദ്ധനരായ രോഗികൾക്ക് കരുതലുമായി വീണ്ടും എറണാകുളം ജില്ലാ പഞ്ചായത്ത്. വൃക്ക, കരൾ മാറ്റിവച്ച രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി 35 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു. പദ്ധതിയിലൂടെ രോഗികൾക്ക് ഒരു വർഷത്തെ മരുന്ന് സൗജന്യമായി ലഭിക്കും. അതാത് പ്രദേശത്തെ സർക്കാർ ആശുപത്രി വഴി മരുന്ന് എത്തിച്ചു നൽകും.ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിലായി നിർദ്ധനരായ രോഗികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ചികിത്സാ സഹായം ലഭിക്കാനായി രോഗികൾ അതത് മെഡിക്കൽ ഓഫീസറുടെ (പി.എച്ച്.സി, എഫ്.എച്ച്.സി,സി.എച്ച്.സി) അടുത്ത് മെയ് 25 ന് മുമ്പായി റജിസ്റ്റർ ചെയ്യണം.
ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അപേക്ഷകർ വരുമാന സർട്ടിഫിക്കിന്റെയും ആധാർ കാർഡ്‌ന്റെ പകർപ്പ് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപത്രവും സഹിതം മെയ് 31 ന് മുമ്പ് ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർക്ക് കൈമാറണം.സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് നടത്തുന്ന രോഗിക്ക് ഒരു ഡയാലിസിസിന് 1000 രൂപ വീതം പ്രതിമാസം നാല് തവണത്തേക്ക് 4000 രൂപ നൽകുന്ന പദ്ധതിയാണ് നേരത്തെ അവതരിപ്പിച്ചത്. ആയിരത്തിലധികം അപേക്ഷകൾ ഇതുവരെ ലഭിച്ചു.