കൊച്ചി: ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ആദ്യദിനത്തിൽ എറണാകുളം ജില്ല നിശ്ചലമായി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവരെ പൊലീസ് വീടുകളിലേക്ക് തിരിച്ചയച്ചു. ജില്ലാ അതിർത്തികൾ പൂർണമായും അടച്ചു. തീർത്തും അവശ്യ സർവീസുകൾ മാത്രമേ അനുവദിച്ചിരുന്നുള്ളു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡ്രോൺ പറത്തി നിരീക്ഷണം നടത്തി. ആലുവയിലും പരിസരത്തുമാണ് ഡ്രോൺ നിരീക്ഷണം ആരംഭിച്ചത്. നിയമലംഘകരെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

രണ്ടായിരം പൊലീസുദ്യോഗസ്ഥരാണ് നിരത്തുകളിൽ പരിശോധന നടത്തുന്നത്. ഓരോ വാഹനവും നിർത്തി പരിശോധിച്ചാണ് കടത്തിവിടുന്നത്. അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചു.

തീവ്രരോഗവ്യാപനമുള്ള പ്രദേശങ്ങൾ അടച്ചുകെട്ടി ഇവിടങ്ങളിൽ പൊലീസ് കാവലുണ്ട്. കണ്ടെയ്‌ൻമെന്റ് സോണിലേക്കും പുറത്തേക്കും ആളുകളെ പ്രവേശിപ്പിക്കുന്നില്ല. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 145 പേർക്കെതിരേ കേസെടുത്തു. 60 പേരെ അറസ്റ്റുചെയ്തു. 65 വാഹനങ്ങൾ കണ്ടുകെട്ടി. മാസ്‌ക് ധരിക്കാത്തതിന് 450 പേർക്കെതിരെയും സാമൂഹ്യഅകലം പാലിക്കാത്തതിന് 345 പേർക്കെതിരെയും നടപടിയെടുത്തു.

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചിമകൊച്ചിയിലേയ്ക്കുള്ള പ്രവേശനം പൂർണമായും പൊലീസ് നിയന്ത്രണത്തിലായിരുന്നു. ഇടക്കൊച്ചി, കുമ്പളങ്ങി, കണ്ണങ്ങാട്ട് പാലങ്ങൾ അടച്ചുപൂട്ടി. ബി.ഒ.ടി പാലമാണ് പ്രവേശന കവാടമാക്കിയത്. പശ്ചിമകൊച്ചിയിൽ മാത്രം 32 കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഉച്ചയോടെ രാവിലത്തെ അപേക്ഷിച്ച് നഗരത്തിൽ തിരക്ക് കുറഞ്ഞിരുന്നു.

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ ഇന്ന് മുതൽ പിടിച്ചെടുക്കുന്നതടക്കം ശക്തമായ നടപടിയെടുക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറികളിൽനിന്ന് ചരക്കിറക്കുന്നതിലും ഇന്ന് തീരുമാനമാകും. കടൽകയറ്റത്തിന്റെ ശക്തി കുറഞ്ഞതും മഴ മാറിയതും ആശ്വാസമായി. വരും ദിവസങ്ങളിൽ പാസ് ഇല്ലാതെ ഒരാളെപ്പോലും യാത്രചെയ്യാൻ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. കടകളിൽനിന്ന് ഹോം ഡെലിവറി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇന്നലെ ഭക്ഷണംകിട്ടാതെ പലരും വലഞ്ഞു.