കൊച്ചി: നിയുക്ത പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് രംഗത്ത്. യൂത്ത് മെയിൽ എന്ന പേരിൽ ഈ ആവശ്യമുന്നയിച്ച് കോൺഗ്രസ് നേതാക്കൾക്ക് ഇ മെയിൽ അയയ്ക്കൽ പരിപാടി ആരംഭിച്ചു. എൽ.ഡി.എഫ് യുവജനങ്ങൾക്ക് മുൻഗണന നൽകുന്ന സാഹചര്യത്തിൽ ഷാഫിയെ പ്രതിപക്ഷ നേതാവാക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ് ) സംസ്ഥാന പ്രസിഡന്റും യു.ഡി.വൈ.എഫ് ജനറൽ സെക്രട്ടറിയുമായ പ്രേംസൺ മാഞ്ഞാമറ്റം പറഞ്ഞു. പ്രതിപക്ഷ എം.എൽ.എയെന്ന നിലയിൽ 10 വർഷം പ്രവർത്തിച്ച ഷാഫി, യൂത്ത് കോൺഗ്രസ് പ്രസിഡന്റെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവച്ചു. കോൺഗ്രസിലെ തലമുറമാറ്റത്തിന് ഷാഫിയിലൂടെ തുടക്കം കുറിക്കണമെന്നും പ്രേംസൺ പറഞ്ഞു.