മൂവാറ്റുപുഴ: നാളിതുവരെ ഇടത്-വലത് സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും മൂവാറ്റുപുഴയിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ അവസാനഘട്ട പണികൾ ഇപ്പോഴും " തഥൈവ" തന്നെ. വികസന ഭൂപടത്തിലെ പ്രധാന പദ്ധതിയായ ബസ് സ്റ്റാൻഡ് പണി എങ്ങുമെത്താതെ ഇഴയുന്നു. ലോക്ക്ഡൗണിന് മുമ്പ് ദിനംപ്രതി 100 കണക്കിന് ദീർഘദൂര ബസ്സുകളും ആയിരക്കണക്കിനാളുകളുമാണ് ഈ സ്റ്റാൻഡിൽ വന്നുപോയിരുന്നത്.
2011ന് ശേഷം മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കന്റെ സമയത്താണ് കെ.എസ്.ആർ.ടി.സിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണം തുടങ്ങിയത്. അതിനായി 40 ലക്ഷം രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. പി.ടി തോമസ് എം.പി ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയും, ചാൾസ് ഡൈറ്റ്സ് എം.പിയുടെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും അനുവദിച്ചു കിട്ടിയതാണ്. സർക്കാരിൽ നിന്ന് ഗ്യാരേജ് പണിക്കായി ഒരുകോടി രൂപ കിട്ടിയതാണ്. അതുകൂടാതെ 5 അര കോടി രൂപയ്ക്കാണ് കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സ് ടെണ്ടർ ചെയ്തിരിക്കുന്നത്. ഇതു വരെയുള്ള പണികളിൽ 75ശതമാനമേ പൂർത്തീകരിച്ചിട്ടുള്ളൂ.
അതേസമയം, നഗരത്തിന്റെ സമഗ്ര വികസനത്തിലൂന്നിയുള്ള പ്രവർത്തനം തന്നെയാണ് പ്രധാന ഉദ്ദേശ്യമെന്ന് നിയുക്ത എം.എൽ.എ മാത്യു കുഴൽ നാടൻ വ്യക്തമാക്കി. സ്റ്റാൻഡിന്റെ യാർഡ് നിർമ്മാണം, മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കൽ, ഫയർ വർക്കുകൾ എന്നിങ്ങനെയുള്ളതെല്ലാം പൂർത്തീകരിച്ചു. പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമ്മാണത്തിന് മുൻ എം.എൽ.എ വികസന ഫണ്ടിൽ നിന്ന് 1.52 കോടി രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. മൂവാറ്റുപുഴയുടെ തന്നെ മുഖമായ ഈ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരിച്ചു കാണണമെന്ന് തന്നെയാണ് പ്രദേശവാസികളുടെയും ആഗ്രഹം.
" മുൻ എം.എൽ.എയുടെ കാലത്ത് തന്നെ പണി നടന്നു കൊണ്ടിരുന്ന ബസ് സ്റ്റാൻഡ് നിർമ്മാണത്തിനു ഏൽപ്പിച്ച കരാറുകാരന് തക്ക സമയത്ത് തുക കിട്ടാത്തതു കൊണ്ട് പണി നിർത്തിവെച്ചു. പുതിയ ഗവൺമെന്റ് സത്യപ്രതിഞ്ജയ്ക്കു ശേഷം പുതിയ കരാറുകാരനെ കണ്ടെത്തി പണികൾ പുനസ്ഥാപിക്കുകയെന്നതാണ് അടുത്ത ഘട്ടം" നിയുക്ത എം.എൽ.എ മാത്യു കുഴൽ നാടൻ
" കെ. എസ്. ആർ. ടി ബസ് സ്റ്റാൻഡിന്റെ പണി ഏതാണ്ട് 75 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. അവസാനഘട്ട പണികൾ മാത്രം പൂർത്തീകരിച്ചാൽ മതി."
കെ. എം സലിം
യു. ഡി. എഫ് നിയോജകമണ്ഡലം ചെയർമാൻ, കെ. പി. സി. സി സെക്രട്ടറി