കോലഞ്ചേരി: കൊവിഡ് തരംഗത്തിൽ തെരുവ് കച്ചവടക്കാരുടെ ജീവിതവും പ്രതിസന്ധിയിൽ. ലോക്ക് ഡൗൺ കഴിയുന്നതും കമ്പോളം സജീവമാകുന്നതും കാത്തിരിക്കുകയാണിവർ. വാഹന, കാൽനട യാത്രക്കാരെ ലക്ഷ്യമിട്ടുള്ള ഭക്ഷണശാലകൾ, തട്ടുകടകൾ, ബജ്ജി വില്പന കടകൾ എന്നിവ നടത്തുന്നവരും തെരുവുകളെ ആശ്രയിച്ച് ജീവിത മാർഗം കണ്ടെത്തുന്ന കുട, ചെരുപ്പ്, എന്നിവ നന്നാക്കുന്നവർ, ചീർപ്പ് നിർമ്മിക്കുന്നവർ തുടങ്ങിയവരും ജീവിത പ്രതിസന്ധി നേരിടുകയാണ്. തട്ടുകടകളിൽ ചിലത് ഉപയോഗ ശൂന്യമായിട്ടുണ്ട്. സ്വയം തൊഴിൽ സംരംഭങ്ങൾ കൂടിയാണിത്തരം തട്ടുകടകൾ. തിരക്കേറിയ കവലകളിൽ വഴിയോരത്തിരുന്ന് കുലത്തൊഴിലുകൾ ചെയ്ത് ഉപജീവനം തേടുന്നവരുടെയും വരുമാനത്തിനുള്ള മാർഗം തുറന്നു കിട്ടണമെങ്കിൽ ഇനിയും കാത്തിരിക്കണം. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ദേശീയ നഗര ഉപജീവന മിഷന്റെ പദ്ധതികൾ പ്രകാരം തെരുവോര കച്ചവടക്കാരുടെ ക്ഷേമം ഉറപ്പു വരുത്താനുള്ള നടപടികൾ നീളുമ്പോഴാണ് രണ്ടാം കൊവിഡ് തരംഗം ജീവിതത്തിനു മുകളിൽ കരിനിഴൽ വീഴ്ത്തിയത്.