രാജഗിരി ആശുപത്രിയിൽ അസാധാരണ ശസ്ത്രക്രിയ
കൊച്ചി: 79കാരിയുടെ ഹൃദയത്തിലെ കൃത്രിമ അയോർട്ടിക് വാൽവ് നീക്കം ചെയ്യാതെ തന്നെ അതിനുള്ളിൽ മറ്റൊരു വാൽവ് സ്ഥാപിക്കുന്ന ശസ്ത്രക്രിയ ആലുവ രാജഗിരി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി.
2007ലാണ് ഇടുക്കി സ്വദേശിനി സൂസമ്മയുടെ അയോർട്ടിക് വാൽവ് ചുരുങ്ങുന്നതായി കണ്ടെത്തിയത്. അയോർട്ടയിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ രക്തം എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. തുടർന്ന് കൃത്രിമ വാൽവ് വച്ചിരുന്നു. 14 വർഷം കഴിഞ്ഞപ്പോൾ സൂസമ്മയ്ക്ക് വീണ്ടും പ്രശ്‌നങ്ങൾ ആരംഭിച്ചു.
പ്രായാധിക്യം കണക്കിലെടുത്ത് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ അപകടമായതിനാൽ സീനിയർ കൺസൾട്ടന്റും കാർഡിയോവാസ്‌കുലാർ ആൻഡ് തൊറാസിക് സർജനുമായ ഡോ. ശിവ് കെ. നായരും കാർഡിയോളജി കൺസൾട്ടന്റായ ഡോ. സുരേഷ് ഡേവിസും പോംവഴി ആലോചിച്ചു. തുടർന്ന് രോഗിയുടെ നെഞ്ച് തുറക്കാതെ ചെറിയ സുഷിരത്തിലൂടെ കത്തീറ്റർ ഉപയോഗിച്ച് പഴയ വാൽവിനുള്ളിൽ പുതിയ വാൽവ് സ്ഥാപിക്കുകയായിരുന്നു.
ഡോ. ആന്റണി പാത്താടൻ, ഡോ. ജേക്കബ്ബ് ജോർജ്, കാർഡിയോതൊറാസിക് ആൻഡ് വാസ്‌കുലാർ സർജൻമാരായ ഡോ. റിന്നറ്റ് സെബാസ്റ്റ്യൻ, കാർഡിയാക് അനസ്തെറ്റിസ്റ്റുമാരായ ഡോ. മേരി സ്മിത തോമസ്, ഡോ. ദിപിൻ എന്നിവർ ചികിത്സയിൽ പങ്കാളികളായി.