photo
കടൽക്ഷോഭ ബാധിതമായ ഞാറക്കൽ ആറാട്ടുവഴി, ഐ സി എ ആർ പരിസരങ്ങളിൽ മണൽവാട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നു

വൈപ്പിൻ: രൂക്ഷമായ കടലാക്രമണം നേരിട്ട വൈപ്പിൻകരയിലെ കടൽത്തീരങ്ങൾ നിയുക്ത എം.എൽ.എ. കെ. എൻ. ഉണ്ണിക്കൃഷ്ണന്റെ അഭ്യർത്ഥന മാനിച്ച് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചതിനെത്തുടർന്ന് അടിയന്തര പ്രവൃത്തികൾക്ക് ഇന്നലെ തുടക്കമായി. ഞാറയ്ക്കൽ ആറാട്ടുവഴിയിലും ഐ. സി. എ. ആർ. പരിസരത്തുമാണ് ഇറിഗേഷൻ അധികൃതരുടെ മേൽനോട്ടത്തിൽ ജെ സി ബി ഉപയോഗിച്ച് മണൽനീക്കവും മറ്റു ക്രമീകരണങ്ങളും ആരംഭിച്ചത്. കടൽക്ഷോഭം നാശം വിതച്ച വൈപ്പിനിലെ എല്ലാ തീരപ്രദേശങ്ങളിലും അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികൾ ആദ്യഘട്ടത്തിൽ പൂർത്തിയാക്കും. തുടർന്ന് കടലാക്രമണത്തിന്റെ പ്രത്യാഘാതം തീരങ്ങളിൽ കഴിയുന്നത്ര കുറയ്ക്കുന്നതിന് ശാസ്ത്രീയ മാർഗ്ഗങ്ങൾ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്തിൽ അവലംബിക്കുമെന്നും കെ. എൻ. ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. ഞാറക്കൽ ആറാട്ടുവഴിയിലും ഐ.സി.എ.ആർ പരിസരത്തും നികന്നുപോയ തോടുകൾ മണ്ണുനീക്കി പുനരുദ്ധരിക്കുന്നതോടെ നീരൊഴുക്ക് സുഗമമാകുമെന്നും വെള്ളക്കെട്ടിന് വലിയൊരളവ് പരിഹാരമാകുമെന്നും ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ടി. പി. സന്ധ്യ പറഞ്ഞു.