school

കൊച്ചി: സംസ്ഥാനത്തെ സി.ബി.എസ്.ഇ, അൺഎയ്ഡഡ് സ്‌കൂളുകൾ വൻ പ്രതിസന്ധിയിലേക്ക്. വരും വർഷവും ക്ളാസുകൾ ഓൺ​ലൈനി​ലാകുമെന്ന സ്ഥി​തി​യായതോടെ മാനേജ്മെന്റുകൾ ആശങ്കയി​ലാണ്.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ 25 ശതമാനം ഫീസ് മാത്രമേ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കാവൂ. ഇത് തന്നെ കൃത്യമായി​ ലഭി​ക്കുന്നി​ല്ല. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ, ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം, ബസുകളുടെ നി​കുതി​, വൈദ്യുതി ചെലവ് എന്നിവ കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയിലാണ് പല സ്കൂളുകളും.

വരുമാനം കുറഞ്ഞ സ്‌കൂളുകളിൽ ശമ്പളം കൃത്യമായി നൽകാൻ സാധിക്കുന്നില്ല. പലരും പകുതി​യാക്കി​. കുറേ സ്കൂളുകളി​ൽ ശമ്പളം കി​ട്ടി​യാലായി​ എന്നതാണ് അവസ്ഥ. ജീവനക്കാരെ കൂട്ടത്തോടെ പറഞ്ഞു വിട്ട സ്ഥാപനങ്ങളുമുണ്ട്. പല സ്‌കൂളുകളും മുൻ നീക്കിയിരുപ്പ് എടുത്തും കടം വാങ്ങിയുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

 കഴിഞ്ഞ വർഷവും ഫീസ് ലഭിച്ചില്ല

ഓൺലൈനായി മികച്ച രീതിയിലിൽ അദ്ധ്യയനം നടക്കുമ്പോഴും കഴിഞ്ഞ വർഷം 25 ശതമാനം ഫീസ് പോലും ലഭിക്കാത്ത സ്‌കൂളുകൾ ഉണ്ട്. ഗ്രാമപ്രദേശങ്ങളിലുള്ളവയ്ക്ക് നിലനിൽക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്.

പി​ടി​ച്ചുനി​ൽക്കാൻ ലൈബ്രറി ഫീസും സ്‌പോർട്‌സ്, എന്റർടെയ്ൻമെന്റ് ഫീസും വാങ്ങിയ സ്‌കൂളുകളുണ്ട്.

 സംസ്ഥാനത്ത് ആകെ സി.ബി.എസ്.ഇ. സ്‌കൂളുകൾ:

1400 ഓളം

 പ്രതിസന്ധിയിൽ

രക്ഷിതാക്കളെ ചേർത്തുനിർത്തും:

കോടതി ഉത്തരവുകൾ കൃത്യമായി പഠിച്ച ശേഷമാണ് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ. സ്‌കൂളിന് കീഴിലുള്ള 800 ഓളം സ്‌കൂളുകളിൽ ഫീസ് വാങ്ങുന്നത്. പ്രതിസന്ധിയിലാണെങ്കിലും ഫീസിന്റെ കാര്യത്തിൽ അദ്ധ്യാപകരെയും രക്ഷിതാക്കളെയും ചേർത്തു നിർത്തുന്ന തീരുമാനം കൈക്കൊള്ളാനാണ് കൗൺസിൽ തീരുമാനം. ഓൺലൈൻ പഠനത്തിൽ മികവ് പുലർത്തും.

ഇന്ദിര രാജൻ
സെക്രട്ടറി ജനറൽ
നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ. സ്‌കൂൾ