ബ്രഹ്മപുരത്ത് ഗ്യാസ് ശ്മശാനം
കൊച്ചി: വിറക് ക്ഷാമം രൂക്ഷമായതോടെ പച്ചാളം ശ്മശാനത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. കൊവിഡ് മരണനിരക്ക് കുതിച്ചുയരുന്നതിനിടെ വിറകിന് ദൗർലഭ്യം വന്നത് നടത്തിപ്പുകാരെ ബുദ്ധിമുട്ടിലാക്കി. കൊവിഡ് മൂലം മരിച്ച ആറ് പേരെയെങ്കിലും ദിനംപ്രതി ഇവിടെ സംസ്കരിക്കുന്നുണ്ട്. വിറകും ചിരട്ടും മടലും തൊണ്ടുമാണ് ഇന്ധനം.
ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണം മൂലം തടിയും വിറകും എത്തിക്കാൻ കഴിയുന്നില്ല. തടി കൊണ്ടുവന്നു കീറി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അന്യസംസ്ഥാനക്കാരാണ് വിറക് വെട്ടുന്നത്. ഇവരെ പൊലീസ് തടയുന്നതും പ്രശ്നമാണ്. ഒരാഴ്ചത്തേക്ക് കൂടിയുള്ള വിറകേ ഇനി ശേഷിക്കുന്നുള്ളൂ.
മടൽ പറവൂരിൽ നിന്ന് ശ്മശാനത്തിന്റെ ബോർഡു വച്ച വാഹനത്തിലാണ് കൊണ്ടുവരുന്നത്.
രവിപുരത്ത് ചിരട്ടക്ഷാമം
രവിപുരം ശ്മശാനത്തിൽ ഉണങ്ങിയ ചിരട്ടയ്ക്കും തൊണ്ടിനും ക്ഷാമം ഉണ്ടെന്ന വാർത്തകളെ തുടർന്ന് കൗൺസിലർ മാലിനി കുറുപ്പിന്റെ നേതൃത്വത്തിൽ ഇവ ശേഖരിച്ചുതുടങ്ങി. ഇതിനായി അവർ റെസിഡൻസ് അസോസിയേഷനുകളുടെ സഹായം തേടി.ആദ്യ ലോഡ് കഴിഞ്ഞ ദിവസം ശ്മശാന നടത്തിപ്പുകാർക്ക് കൈമാറി.
ബ്രഹ്മപുരത്ത് പുതിയ ഗ്യാസ് ശ്മശാനം
ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റിനോട് ചേർന്ന സ്ഥലത്ത് ഗ്യാസ് ചൂളയുള്ള ശ്മശാനം നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും. പുത്തൻകുരിശ് പഞ്ചായത്തിന്റെ സ്ഥലത്താണ് ഇത് പ്രവർത്തിക്കുന്നത്. എൽ.പി.ജി സിലിണ്ടറാണ് ഉപയോഗിക്കുന്നത്. നടത്തിപ്പിന് കരാറുകാരനുണ്ടെങ്കിലും പഞ്ചായത്ത് നേരിട്ടായിരിക്കും കാര്യങ്ങൾ നോക്കുക.
അഞ്ചു വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ ഗ്യാസ് ശ്മശാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് അടച്ചിടുകയായിരുന്നു. മാലിന്യപ്ളാന്റിൽ നിന്ന് കൊച്ചി കോർപ്പറേഷൻ പഞ്ചായത്തിന് വിട്ടുകൊടുത്ത സ്ഥലത്താണ് ശ്മശാനം. ഒരു മണിക്കൂറിനുള്ളിൽ ഇവിടെ ഒരു മൃതദേഹം സംസ്കരിക്കാൻ കഴിയുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോകൻ പറഞ്ഞു.