covid-centre
പെരുമ്പാവൂർ ഇ. എം. എസ് ഹാളിൽ സജ്ജീകരിച്ച് ഉദ്ഘാടനം ചെയ്ത് കൊവിഡ് സെന്റർ മുനിസിപ്പൽ ചെയർമാൻ ടി. എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിലെ രണ്ടാം കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം ചെയർമാൻ ടി. എം. സക്കീർ ഹുസൈൻ നിർവഹിച്ചു. 85 ബെഡുകളുൾപെടെയുള്ള വിപുലമായ സജ്ജീകരണങ്ങളോടെ ഇ.എം എസ് ഹാളിലാണ് കൊവിഡ് സെന്റർ തുടങ്ങിയിരിക്കുന്നത്. 50 ബെഡോടെ ഒന്നാമത്തെ കൊവിഡ് സെന്റർ പെരുമ്പാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സിൽ തുടങ്ങിയിരുന്നു. ചെയർമാൻ ഉൾപ്പെടെ സന്നദ്ധ സേവകരുടെ ഫണ്ടും സ്വരൂപിച്ചാണ് ഇപ്പോൾ സെന്റർ ഒരുക്കിരിക്കുന്നത്. കഴിഞ്ഞ കൗൺസിൽ കാലത്ത് നടത്തിയിരുന്ന കൊവിഡ് സെന്ററിന് ഏകദേശം 80 ലക്ഷം രൂപ ചെലവ് വന്നിരുന്നു. എന്നാൽ സർക്കാരിൽ നിന്ന് പത്ത് ലക്ഷം രൂപ മാത്രമാണ് സഹായം ലഭിച്ചതെന്ന് ചെയർമാൻ പറഞ്ഞു. മറ്റു സമീപ പഞ്ചായത്തുകളിൽ ഡി.സി.സി സൗകര്യമില്ലാത്തതിനാൽ അവിടെ നിന്നെല്ലാം കൊവിഡ് രോഗികൾ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ സ്ഥലപരിമിതിയുടെ അഭാവത്തിലാണ് രണ്ടാമത് കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിച്ചത്. രണ്ട് ആംബുലൻസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇ.എം എസ് ഹാളിൽ ആറു മാസം മുമ്പ് വരെ നടന്നിരുന്ന കൊവിഡ് സെന്ററിന്റെ ചില ഭാഗങ്ങൾ സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തിരുന്നു. അറ്റകുറ്റ പണികൾ നടത്തിയാണ് ഇവിടെ കൊവിഡ് സെന്റർ രണ്ടാമതും സജ്ജീകരിച്ചിരിക്കുന്നത്.


സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടനയോഗത്തിൽ മുൻ ചെയർ പേഴ്‌സൺ സതി ജയകൃഷ്ണൻ , വൈസ് ചെയർപേഴ്‌സൺ ഷീബ ബേബി, കൗൺസിലർമാരായ പോൾ പാത്തിക്കൽ , ലത സുകുമാരൻ , സെക്രട്ടറി മേഘ മേരി കോശി എന്നിവർ സംസാരിച്ചു.