കൊച്ചി: കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എ. ഹരിപ്രസാദ് സർവീസിൽ നിന്ന് വിരമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഹൈക്കോടതിയിലെ ഒന്നാം കോടതിയിൽ നടന്ന യാത്രഅയപ്പു ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്, കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതേ വിട്ട പോക്സോ കോടതി വിധി റദ്ദാക്കി പുനർവിചാരണ നടത്താൻ ഉത്തരവിട്ടത് ജസ്റ്റിസ് ഹരിപ്രസാദ് അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ചായിരുന്നു. 2013 ജനുവരി 28 നാണ് എ. ഹരിപ്രസാദ് കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്.
1959 മേയ് 19 ന് പട്ടാമ്പി പെരുവമ്പയിലാണ് ജനനം. പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ നിന്ന് ബിരുദവും കോഴിക്കോട് ഗവ. ലാ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. 1983ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1995ൽ പാലക്കാട് അഡി. ജില്ലാ ജഡ്ജിയായി ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. തലശേരി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ അഡി. ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2004 ൽ കേരള ജുഡിഷ്യൽ അക്കാഡമി ഡയറക്ടറായിരുന്നു. 2010ൽ ഹൈക്കോടതിയിൽ സബോർഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാറായിരുന്നു. ഇൗ പദവിയിലിരിക്കെയാണ് ഹൈക്കോടതി ജഡ്ജിയായത്. ഭാര്യ: പ്രഭ ഹരിപ്രസാദ്. മക്കൾ: വിഷ്‌ണു, സ്വാതി.