കൊച്ചി: കൊച്ചിയുടെ തീരാശാപമായ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി പെട്ടിയും പറയും സമ്പ്രദായം പുന:സ്ഥാപിക്കുന്നു. ആദ്യപടിയായി പനമ്പള്ളിനഗറിൽ പെട്ടിയും പറയും സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കോർപ്പറേഷൻ തുടക്കമിട്ടു. മഴക്കാലത്തിന് മുമ്പായി ഇത് പൂർത്തിയാക്കാനാണ് ഉദ്ദേശം. ഇതോടൊപ്പം

മുല്ലശ്ശേരി കനാലിന്റെ ഭാഗമായ വിവേകാനന്ദ തോട്ടിലെ പെട്ടിയും പറയും സംവിധാനത്തിലെ പമ്പിന്റെ ശേഷി 50 ഹോഴ്‌സ് പവറായി ഉയർത്തും. കലൂർ ജേണലിസ്റ്റ് കോളനിയിലെ വെള്ളക്കെട്ട് പരിഹരിക്കാനായി പി.വി.എസ് ആശുപത്രിയുടെ ഭാഗത്തുണ്ടായിരുന്ന പെട്ടിയും പറയും പുന:സ്ഥാപിക്കാനും ആലോചനയുണ്ട്.

 കുട്ടനാടൻ മാതൃക

ഷട്ടർ സ്ഥാപിച്ച് കായലിൽ നിന്നും വെള്ളം തിരിച്ചു കയറാതെ നോക്കുകയും ശക്തമായ പമ്പിംഗിലൂടെ വെള്ളം കായലിലേക്കും പുഴയിലേക്കും പമ്പ് ചെയ്ത് കളയുന്നതുമായ കുട്ടനാടൻ മാതൃകയാണ് പെട്ടിയും പറയും. പത്തുവർഷം മുമ്പ് വരെ ഇവിടെയുണ്ടായിരുന്ന ഈ സംവിധാനം മുൻ യു.ഡി.എഫ് ഭരണസമിതി നീക്കംചെയ്തു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മുല്ലശേരി കനാൽ, യാത്രി നിവാസ്, സുഭാഷ്‌ചന്ദ്രബോസ് റോഡ് തുടങ്ങി പത്തോളം സ്ഥലങ്ങളിലാണ് ഇത് പ്രവർത്തിച്ചിരുന്നത്.

 പാഴ്ചെലവെന്ന് ആക്ഷേപം

ഒരു പെട്ടിയും പറയും സ്ഥാപിക്കുന്നതിന് പത്തു ലക്ഷത്തോളം വേണ്ടിവരും. ഇതിനുപുറമെ ഷെഡിന്റെ പരിപാലനം, മെഷീന്റെ അറ്റകുറ്റപ്പണി, ഓപ്പറേറ്ററുടെ ശമ്പളം തുടങ്ങി വിവിധ ഇനങ്ങൾക്കായി വീണ്ടും ഭാരിച്ച തുക ചെലവഴിക്കണം. ഉപ്പുവെള്ളം കയറി മെഷീൻ പെട്ടെന്ന് തുരുമ്പിക്കുന്നതാണ് മറ്റൊരു പ്രശ്നം. യാത്രിനിവാസിന് സമീപമുള്ള പെട്ടിയും പറയും സംവിധാനത്തിൽ 50 ഹോഴ്‌സ് പവർ ശേഷിയുള്ള മോട്ടോർ വച്ചത് ഡി.എം.ആർ.സി ഫണ്ട് ഉപയോഗിച്ചാണ്. ഇതുമാത്രമാണ് കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തനത്തിലുള്ളതെന്ന്

ഇറിഗേഷൻ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. എല്ലാ വർഷവും ജൂൺ ഒന്നുമുതൽ 120 ദിവസത്തേക്കാണ് പെട്ടിയും പറയും കരാർ നൽകിയിരുന്നത്. വർഷം തോറും 9 ലക്ഷം രൂപ നടത്തിപ്പിന് വേണ്ടി ചെലവഴിച്ചിട്ടും വെള്ളക്കെട്ട് തുടർന്നതിനാലാണ് പെട്ടിയും പറയും വേണ്ടെന്നു വച്ചതെന്ന് യു.ഡി.എഫ് ഭരണസമിതിയിലെ ഒരു മുതിർന്ന നേതാവ് വെളിപ്പെടുത്തി.

 സർക്കാർ സഹായം തേടും

വേലിയേറ്റ സമയത്ത് ഉണ്ടാകുന്ന ശക്തമായ മഴയിൽ പേരണ്ടൂർ കനാലിലെയും അനുബന്ധ കനാലിലെയും വെള്ളം ഉയർന്നു നിൽക്കുന്നതാണ് പലപ്പോഴും വെള്ളക്കെട്ടിന് കാരണമാകുന്നത്. പെട്ടിയും പറയും സംവിധാനം പുന:സ്ഥാപിക്കുന്നതിലൂടെ വെള്ളക്കെട്ട് ഒഴിവാക്കാം.കൂടുതൽ പെട്ടിയും പറയും സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ സഹായം തേടും. ഇക്കാര്യങ്ങൾ കോടതിയെയും ബോദ്ധ്യപ്പെടുത്തും.

അഡ്വ.എം.അനിൽകുമാർ

മേയർ