നെടുമ്പാശേരി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വയൽക്കരയിൽ യൂത്ത് കോൺഗ്രസ് പ്രതിരോധ സേന രൂപീകരിച്ചു. കുന്നുകര പഞ്ചായത്ത് ഏഴ്, 11, 12 വാർഡുകൾ സംയുക്തമായാണ് പ്രവർത്തനം. 24 മണിക്കൂറും രോഗികളെ സൗജന്യമായി ആശുപത്രിയിലെത്തിക്കുന്നത് അടക്കമുള്ള സന്നദ്ധ സേവനം ലഭ്യമാക്കും. കൊവിഡ് നെഗറ്റീവായ വീടുകളിൽ അണുനശീകരണവും ശുചീകരണവും അർഹരായവർക്ക് ഭക്ഷ്യ വിഭവങ്ങളും വിതരണം ചെയ്യും. സന്നദ്ധ സേവനത്തിന് തുടക്കം കുറിച്ച് വാഹനം കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. ബൂത്ത് പ്രസിഡന്റുമാരായ എ.ബി. മനോജ്, ഫൈസൽ തോട്ടിപ്പറമ്പ്, ശ്രീരാജ് വയൽക്കര, ഏഴാം വാർഡംഗം ജിജി സൈമൺ, ടി.കെ. താഹിർ, ഷാഫി, ഷാനവാസ്, സക്കീർ, ഷാജു, കരീം, അനീസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.