police
ട്രിപ്പിൾ ലോക്ഡൗണിൽ റൂറൽ പൊലീസിനെ സഹായിക്കുന്ന വോളന്റിയർമാർ

ആലുവ: ട്രിപ്പിൾ ലോക്ക് ഡൗണിൽ റൂറൽ പൊലീസിനെ സഹായിക്കാൻ റൂറൽ ജില്ലയിൽ 200 ഓളം വോളന്റിയർമാരും രംഗത്ത്. 34 പൊലീസ് സ്റ്റേഷൻ പരിധിയിലും ഇവർ സേവനം നടത്തുന്നുണ്ട്. ജില്ലയിൽ 2000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ലോക്ക് ഡൗൺ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഇവർക്കൊപ്പമാണ് വോളന്റിയേഴ്‌സിന്റെ സേവനം.

മഹാമാരിയുടെ ഈ കാലഘട്ടത്തിൽ പൊലീസ് സേവനം കൂടുതൽ ആവശ്യമായതിനാലാണ് വോളന്റിയർമാരുടെ സേവനം കൂടി ഉറപ്പാക്കിയിട്ടുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. പ്രത്യേക പരിശീലനം പൂർത്തിയാക്കിയ ഇവർക്ക് ധരിക്കുന്നതിനായി ഓവർ കോട്ടുകളും നൽകിയിട്ടുണ്ട്. ബാരിക്കേഡ് സ്ഥാപിച്ച് പരിശോധിക്കുന്ന സ്ഥലങ്ങളിലും അത്യവശ്യക്കാർക്ക് മരുന്ന്, ഭക്ഷണം എന്നിവ എത്തിക്കുന്നതിലും ക്വാറന്റൈയിൻ പരിശോധന, വാഹനപരിശോധന എന്നിവയിലെല്ലാം പൊലീസിനോടൊപ്പം ഇവരുടെ സേവനവുമുണ്ട്.