തക‌‌ർന്നടിഞ്ഞ് തീരദേശം, അനവധി​ വീടുകൾക്ക് ബലക്ഷയം, ചെളി​യും കല്ലും നി​റഞ്ഞ് മുറി​കൾ, നശി​ച്ച ടോയ്ലറ്റുകൾ. കേടുപാടുകളുമായി​ വള്ളവും വലകളും. ചെല്ലാനം കടലോരം കൊച്ചി​യുടെ കണ്ണീർക്കരയായി​ മാറുകയാണ്. എല്ലാവർഷവും ആവർത്തി​ക്കുന്ന കടലേറ്റവും പ്രശ്നങ്ങളും ഇക്കുറി​ സൃഷ്ടി​ച്ച ദുരി​തങ്ങൾ ചി​ന്തി​ക്കാവുന്നതി​നും അപ്പുറമാണ്. ഇനി​യെന്ത് എന്ന ചോദ്യത്തി​നു മുന്നി​ൽ തളർന്നുനി​ൽക്കുകയാണ് നാട്ടുകാർ.....



കൊച്ചി: ഒരായുസിൽ സ്വരുക്കൂട്ടിയതെല്ലാം കടൽകവർന്നെടുത്തത് നിസഹായതയോടെ നോക്കി നിൽക്കുകയാണ് ചെല്ലാനം, കണ്ണമാലി നിവാസികൾ. വീടിനുള്ളിൽ കയറിയിറങ്ങിപ്പോയ കടൽവെള്ളം ഇക്കുറി എല്ലാം തൂത്തെടുത്ത് പോയി. വീട്ടകങ്ങളിൽ കരിങ്കല്ലുകളും മണലും ചെളിയും നിറഞ്ഞു.

ചെല്ലാനത്തെ മുഴുവൻ വീടുകളും കടൽവെള്ളം കയറി. എട്ടു വീടുകൾ പൂർണമായും തകർന്നു. ഉപജീവനമാർഗമായ വള്ളവും വലയും വരെ കടലെടുത്തു. ഭാവി എന്തെന്ന നിസഹായാവസ്ഥയിൽ ക്യാമ്പുകളിൽ തള്ളി നീക്കുകയാണിവർ.
കഴിഞ്ഞ വർഷങ്ങളിൽ വൃത്തിയാക്കി വീടുകളിൽ വീണ്ടും താമസിക്കാൻ സാധിക്കുമെങ്കിലും ഇക്കുറി കടൽഭിത്തി തകർന്ന് കരിങ്കല്ലുകൾ വീടിനകത്താക്കി തിരമാലകൾ. കടൽഭിത്തി പൂർണമായും തകർന്നതിനാൽ കടൽവെള്ളം ശക്തിയായി വീടുകളിലേക്ക് അടിച്ചു കയറുകയാണ്. പല വീടുകളുടെയും ഭിത്തികളും തകർന്നിട്ടുണ്ട്. രണ്ടു ദിവസം വെള്ളം കെട്ടി നിന്നതിനാൽ മുമ്പ് തന്നെ അടിത്തറിയിളകിയ വീടുകൾക്ക് കൂടുതൽ ബലക്ഷയമുണ്ടായി.

പല വീടുകളുടെയും ശുചീകരണം ദിവസങ്ങൾ പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. ചെളികയറി വീട്ടുപകരണങ്ങൾ നശിച്ചു പോയവരുമുണ്ട്. ടോയ്‌ലറ്റുകൾ പൂർണമായും നശിച്ചതാണ് പലരുടെയും പ്രധാന പ്രശ്നം. മലിനജലം കെട്ടിക്കിടക്കുന്നതിനാൽ രോഗം പടരുമെന്ന ആശങ്കയുമുണ്ട്.
ഓഖിയിലും 2020 ലെ വേലിയേറ്റത്തിലും പിടിച്ചു നിന്ന വീടുകളാണ് ഇക്കുറി പൂർണമായും തകർന്നത്. ഹാർബറിൽ കെട്ടിയിട്ട വള്ളങ്ങളിലും ബോട്ടുകളിലും പലതിനും കാറ്റിൽ ആടിയുലഞ്ഞു കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി ലൈനുകളും പോസ്റ്റുകളും നശിച്ചത് പുന:സ്ഥാപിച്ചു വരികയാണ്. കൊവി​ഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തായി​രുന്നു ചെല്ലാനം. അതി​നി​ടെവന്ന കടൽക്ഷോഭം സ്ഥി​തി​ഗതി​കൾ വഷളാക്കി​.

 ശുചിയാക്കാൻ സാധിക്കാത്ത സ്ഥിതി

കടൽവെള്ളത്തോടൊപ്പം കടൽഭിത്തിയും തകർന്ന് വീടിനുള്ളിൽ കയറിയ സ്ഥിതിയാണ്. അതുകൊണ്ടു തന്നെ ശുചീകരണ പ്രവർത്തനങ്ങൾ കീറാമുട്ടിയാണ്. നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോൾ ശുചീകരണങ്ങൾ നടക്കുന്നത്. എല്ലാ വീടുകളിലും വെള്ളം കയറിയതിനാൽ കൂട്ടത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടക്കില്ല. കൊവിഡിനോടൊപ്പം തന്നെ മറ്റു പകർച്ച വ്യാധി ഭീഷണിയും വെല്ലുവിളിയാവുന്നുണ്ട്. പൊലീസും സന്നദ്ധ പ്രവർത്തരുടെയും സഹായത്താൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ജോസി

ചെല്ലാനം നിവാസി