പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ രൂക്ഷമായി വെള്ളക്കെട്ട് അനുഭവിക്കുന്ന അഞ്ച് വാർഡുകളിലെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമായി കൊരക്കരതോടിന്റെ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി. മൂടിയ തോടുകൾ തുറക്കുന്നതിനും, കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും, തോടിന്റെ ആഴം കൂട്ടുന്നതുമാണ് പദ്ധതി. രണ്ടു ദിവസത്തെ ശക്തമായ മഴയിൽ ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇതിനാലാണ് പദ്ധതിയുടെ ആദ്യഘട്ടമായ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണന്റെ നേതൃത്ത്വത്തിൽ വാർഡ് മെമ്പർമാരായ ഫസൽ റഹ്മാൻ, ശ്രീജിത്ത്, മനോജ്, പ്രേംജി പൊതുപ്രവർത്തകരായ ടി.ഡി. സുധീർ, ശിവദാസൻ, വിശാൽ, ബിജോയ് എന്നിവരും പങ്കെടുത്തു.