കോതമംഗലം: ഇഞ്ചത്തൊട്ടി മേഖലയിലുള്ളവർക്ക് കൊവിഡ് വാക്‌സിനേഷന് നേര്യമംഗലം പി.എച്ച്.സിയിൽ സൗകര്യം ഒരുക്കണമെന്ന് എസ്.എൻ.ഡി.പി. യോഗം പാലമറ്റം ശാഖായോഗം ആവശ്യപ്പെട്ടു. നേര്യമംഗലത്തേക്ക് ഇഞ്ചത്തൊട്ടിയിൽ നിന്ന് തൂക്കുപാലം വഴി എട്ട് കിലോമീറ്റർ ദൂരമേയുള്ളൂ. അതേസമയം ഇഞ്ചത്തൊട്ടി നിവാസികൾക്ക് വാക്‌സിനേഷനായി നിശ്ചയിച്ചിരിക്കുന്ന കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എത്താൻ ഏറെ ബുദ്ധിമുട്ടണം. ട്രിപ്പിൾ ലോക്ക് ഡൗൺ മൂലം പ്രാദേശിക റോഡുകളെല്ലാം അടച്ചതിനാൽ കോതമംഗലം വഴി മാത്രമേ പ്രദേശവാസികൾക്ക് കുട്ടമ്പുഴയിലേക്ക് എത്താനാകൂ. ഇതിനായി 54 കിലോമീറ്ററോളം യാത്ര ചെയ്യണം. വലിയ പണച്ചെലവിനും ഇത് ഇടയാക്കും. അതിനാൽ ധനനഷ്ടവും സമയനഷ്ടവും ഒഴിവാക്കാനും മറ്റ് പ്രയാസങ്ങളൊഴിവാക്കാനും ഇഞ്ചത്തൊട്ടി മേഖലയിലുള്ളവരുടെ വാക്‌സിനേഷൻ സെന്ററായി നേര്യമംഗലം കുംടുംബാരോഗ്യകേന്ദ്രം മാറ്റി നിശ്ചയിക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പ് ഇതിന് തയ്യാറാകാത്തപക്ഷം പ്രതിരോധകുത്തി വയ്പ് എടുക്കാനുള്ളവർക്കായി ഇഞ്ചത്തൊട്ടിയിൽ നിന്ന് കുട്ടമ്പുഴയ്ക്ക് വാഹന സൗകര്യം ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകണമെന്ന് പാലമറ്റം ശാഖ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി രത്‌നാകരൻ കണ്ണംപ്പിള്ളി ആവശ്യപ്പെട്ടു.