കൊച്ചി: കെ.ആർ.ഗൗരിഅമ്മ, എം.വി. രാഘവൻ എന്നീ ജനകീയ നേതാക്കളോട് ചെയ്ത വെട്ടിനിരത്തൽ തന്നെയാണ് കെ.കെ. ശൈലജയോടും സി.പി.എം ചെയ്തതെന്ന് ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു പറഞ്ഞു.

കൊവിഡ് കാലത്ത് പൊതുജനാരോഗ്യ സംരക്ഷണത്തിന് പാർട്ടി ഫ്രാക്ഷൻ നിലപാടുകൾക്കെതിരായി ഐ.എം.എയുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നിലപാടുകൾ ശരിവച്ചതാണ് ശൈലജയെ മാറ്റിനിറുത്താൻ കാരണം. ഗൗരിഅമ്മയെപ്പോലെ കേരളജനത നെഞ്ചിലേറ്റിയ ശൈലജയെയാണ് ഇപ്പോൾ വലിച്ചെറിഞ്ഞത്. അപമാനിതയാകാൻ നിൽക്കാതെ സി.പി.എം വിട്ടുവന്നാൽ ശൈലജയെ സ്വീകരിക്കാൻ തയ്യാറാണ്. തോമസ് ഐസക്, ജി. സുധാകരൻ, പി. ജയരാജൻ തുടങ്ങിയ ജനകീയ അടിത്തറയുള്ളതും നിഷ്പക്ഷമതികളുമായ നേതാക്കളോടും ഇതേ ഫാസിസ്റ്റ് സമീപനമാണ് സ്വീകരിച്ചതെന്ന് രാജൻബാബു പ്രസ്താവനയിൽ പറഞ്ഞു.