കൊച്ചി: മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയതിന് മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും പ്രകീർത്തിച്ച് ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്പുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. റിസർവ് ബെഞ്ചിനെയും കളിക്കാൻ അനുവദിച്ച ക്യാപ്റ്റന് അഭിനന്ദനം എന്ന തലക്കെട്ടിൽ പിണറായി വിജയന്റെ ചിത്രസഹിതമാണ് പോസ്റ്റ്.
പദവികളും ഭരണവും കുത്തകയാക്കി വയ്ക്കുന്നവർ കമ്മ്യൂണിസ്റ്റുകാരെ കണ്ട് പഠിക്കട്ടെയെന്ന പരിഹാസവും ഫേസ് ബുക്ക് സന്ദേശത്തിൽ ഉണ്ട്. ബി.ജെ.പി നേതാക്കൾക്കും നേതൃത്വത്തിനുമുള്ള ഒളിയമ്പ് കൂടിയായി കണക്കാക്കാവുന്ന ഫേസ് ബുക്ക് പോസ്റ്റ് പാർട്ടിയിൽ ചർച്ചാ വിഷയമാകുമെന്നാണ് സൂചന.
ചരിത്ര വിജയവും റെക്കാഡ് ഭൂരിപക്ഷവും കിട്ടിയിട്ടും പുതുമുഖങ്ങൾക്ക് അവസരം നൽകിയ സി.പി.എം അഭിനന്ദനം അർഹിക്കുന്നു. എല്ലാം ടീച്ചറമ്മയാണ് ചെയ്തതെന്ന ബോധം മലയാളികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പോരാളി ഷാജിമാർക്കുള്ള മറുപടി കൂടിയാണിത്. അർഹരായ എല്ലാവർക്കും ഭരണസംവിധാനത്തിന്റെ ഭാഗമാകാനുള്ള അവസരം ലഭിക്കണം. സന്ദേശത്തിൽ പറയുന്നു. ഇന്നലെ തന്നെ പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെയും എ.കെ.ജി സെന്ററിൽ ഇടതുമുന്നണിയുടെ വിജയാഘോഷത്തിൽ പിണറായി വിജയൻ കേക്കുമുറിച്ചതിനെയും രൂക്ഷമായി വിമർശിച്ച് റിഷി പല്പു രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ കൂടിയിട്ടിട്ടുണ്ട്.