കൊച്ചി: ഇനിയോരു കലാക്രമണവും വെള്ളപ്പൊക്കവും ഉണ്ടായാൽ എന്തു ചെയ്യുമെന്ന ചങ്കിടിപ്പോടെയാണ് ചെല്ലാനം സ്വദേശികൾ ജീവിക്കുന്നത്. രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് ബന്ധുവീടുകളിൽ നിന്നും തിരികെ എത്തിത്തുടങ്ങിയിട്ടെയുള്ളൂ ഇവർ. വീടുകൾ വൃത്തിയാക്കി വരുമ്പോൾ അടുത്തൊരു കടലാക്രമണം ഉണ്ടാകുന്ന എന്ന വാർത്ത ഭയത്തോടെയാണ് ഇവർ നോക്കി കാണുന്നത്. വൈദ്യുതി ഇന്നലെയാണ് പലയിടത്തും പുന:സ്ഥാപിച്ചത്. പലരുടെയും പൈപ്പ് കണക്ഷനുകളും വൈദ്യുത കണക്ഷനുകളും ഉപ്പുവെള്ളം കയറി താറുമാറായി കിടക്കുന്ന അവസ്ഥയിലാണ്. ഇതിനിടയിലാണ് ഞായറാഴ്ച വീണ്ടുമൊരു കടലാക്രമണ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.
തകർന്ന വീടുകൾക്കു മുൻപിൽ നിസഹായാവസ്ഥയിൽ നിൽക്കുകയാണ് പലരും. വീണ്ടും ഒരു ഇടിത്തീയായി കലാക്രമണം ഉണ്ടാകരുത് എന്ന പ്രാർത്ഥനയിലാണ് ഇവർ. 3 ദിവസം ആയുള്ള വൃത്തിയാക്കൽ പ്രവർത്തനം ഇതുവരെ തീർന്നിട്ടില്ല. കടലാക്രമണ മുന്നറിയിപ്പ് ലഭിച്ചതോടെ വൃത്തിയാക്കൽ പതുക്കെയാക്കിയിട്ടുണ്ട്. ഇനിയും ഒരു കടലാക്രമണം ഉണ്ടായാൽ ജീവിക്കാൻ പറ്റില്ല എന്നും ഇവർ പറയുന്നു.
കടലാക്രമണം എന്ന് കേൾക്കുമ്പോൾ ഭയമാണ്. ഇനി എങ്ങനെ മുന്നോട്ടുപോകും എന്നറിയില്ല. പലരും വീടുകളിലേക്ക് എത്തി തുടങ്ങുന്നതേയുള്ളു. ഇനിയൊരു ദുരിതം ചിന്തിക്കാനോ താങ്ങാനോ പറ്റില്ല. വീടുകൾക്ക് അത്രയേറെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പഴയസ്ഥിതിയിലേക്ക് എത്തുന്നതിനു മുൻപ് അടുത്തത് എത്തുന്നത് സ്ഥിതി വഷളാക്കും
ഫിലോമിന
ചെല്ലാനം സ്വദേശി