നെടുമ്പാശേരി: കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എം.കെ. മോഹനന്റെ വേർപാട് കുറുമശേരി ഗ്രാമത്തെ ദു:ഖത്തിലാഴ്‌ത്തി. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കുറുമശേരി ഗ്രാമം എം.കെ. മോഹനനെ മണ്ടേലയെന്നും എം.കെയെന്നുമുള്ള ചുരുക്കപ്പേരിലാണ് വിളിച്ചിരുന്നത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്ന എം.കെ. മോഹനൻ കഴിഞ്ഞ രണ്ടിനാണ് കൊവിഡ് ബാധിതനായത്. തുടർന്ന് വീട്ടിൽ ക്വാറന്റൈനിലായിരുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ നിർബന്ധപൂർവം 17ന് ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും അവശനായിരുന്നു. ഇതിനിടയിൽ ന്യൂമോണിയയും പിടികൂടി. ഇന്നലെ രാവിലെ 11.30ഓടെയാണ് മരണം. സഹപ്രവർത്തകരിൽ അപൂർവം പേർക്കാണ് രോഗം ഗുരുതരാവസ്ഥയിലാണെന്ന് അറിയാമായിരുന്നത്. അതിനാൽ എം.കെയുടെ മരണവിവരം കുറുമശേരി ഗ്രാമം ഞെട്ടലോടെയാണ് കേട്ടത്.
എസ്.എഫ്.ഐയിലൂടെയാണ് പൊതുരംഗത്ത് വന്നത്. ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പി. രാജീവുമായി ഏറെ അടുപ്പമുണ്ടായിരുന്നു. രാജീവ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോൾ എം.കെ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയപ്പോൾ എം.കെയും രാജീവിനൊപ്പം ഔദ്യോഗികപക്ഷത്തായി. ഇതിനിടയിൽ സി.പി.എം നെടുമ്പാശേരി ഏരിയ കമ്മിറ്റിയംഗമായി. കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായി. കഴിഞ്ഞ സമ്മേളനത്തിലാണ് കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റായത്.
നേരത്തെ പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം പാറക്കടവ് ലോക്കൽ സെക്രട്ടറി, ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ളോക്ക് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചു. എത്ര ഗൗരവമേറിയ വിഷയമായാലും ചിരിച്ചുകൊണ്ട് മാത്രമേ എം.കെയെ അടുപ്പക്കാർ കണ്ടിട്ടുള്ളു. കുറുമശേരിയിലെ ആദ്യകാല ഫുട്ബോൾ കളിക്കാരനുമായിരുന്നു.