കൊച്ചി: സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയുടെ മൂല്യനിർണയത്തിനായുള്ള പുതിയ മാനദണ്ഡങ്ങൾ പഠന രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളോട് ചെയ്യുന്ന അനീതി ആയിരിക്കുമെന്നും അവ പുന:പരിശോധിച്ച് അപാകതകൾ പരിഹരിക്കണെമെന്നും കേരള സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാലിനു അസോസിയേഷൻ കത്ത് അയച്ചു. നിലവിലെ മാർഗനിർദ്ദേശ പ്രകാരം മൂല്യനിർണയം നടത്തുന്ന പക്ഷം ഉന്നത മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് അത് നഷ്ടപ്പെടും. മുൻവർഷങ്ങളിലെ സ്‌കൂൾ വിജയശതമാനം മൂല്യനിർണത്തിൽ മാനദണ്ഡമാക്കിയാൽ അത് നിലവിലെ വിദ്യാർത്ഥികളോട് ചെയ്യുന്ന അനീതി ആയിരിക്കുമെന്നും പ്രസിഡന്റ് അഡ്വ. ടി.പി.എം ഇബ്രാഹിം ഖാൻ പറഞ്ഞു.