excise-kichen
കൊവിഡ് ബാധിതർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതിനായി ആലുവ എക്‌സൈസ് സംഘം എടത്തല കോളനിപ്പടിയിൽ ആരംഭിച്ച സാമൂഹ്യ അടുക്കളയിൽ പാചകത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ

ആലുവ: ലഹരി വേട്ടയ്‌ക്കൊപ്പം കൊവിഡ് ബാധിതർക്ക് സൗജന്യമായി മൂന്ന് നേരവും അന്നം വിളമ്പി ആലുവ എക്‌സൈസ്. യുവധാര പാലിയേറ്റീവ് കെയർ, ഗാന്ധിനഗർ റസിഡന്റ്സ് അസോസിയേഷൻ എന്നിവയുമായി ചേർന്ന് എടത്തല കോളനിപ്പടിയിൽ ഭക്ഷണം തയ്യാറാക്കുന്നതിനായി സാമൂഹ്യ അടുക്കളയും തുറന്നു.

ആലുവ മേഖലയിലെ വിവിധ ഭാഗങ്ങളിലായി 500 ഓളം കുടുംബങ്ങൾക്കാണ് അവരുടെ താമസ്ഥലത്ത് ഭക്ഷണമെത്തിച്ചു നൽകുന്നത്. സമയം ലഭിക്കുന്നതനുസരിച്ച് എക്‌സൈസുദ്യോഗസ്ഥരും സാമൂഹ്യ അടുക്കളയിലെത്തി പാചകത്തിന് സഹായികളാകുന്നുണ്ട്. കൊവിഡ് മൂലമുള്ള കെടുതി കെട്ടടങ്ങുന്നതുവരെ ഭക്ഷണവിതരണം തുടരാനാണ് തീരുമാനം. സാമൂഹ്യ അടുക്കളയുടേയും ഭക്ഷണ വിതരണത്തിന്റേയും ഉദ്ഘാടനം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ നിർവഹിച്ചു.

എക്‌സൈസ് ഇൻസ്‌പെക്ടർ ആർ. അജുരാജ്, പ്രിവന്റീവ് ഓഫീസർമാരായ എം.പി. ഉമ്മർ, എം.കെ. ഷാജി, സിവിൽ ഓഫീസർമാരായ എം.എം. അരുൺ കുമാർ, ബസന്ത് കുമാർ, ടി. അഭിലാഷ്. കെ.ആർ. രതീഷ്, കെ.ആർ. നീതു, എടത്തല പഞ്ചായത്തംഗം റഹ്മത്ത് ജയ്‌സൽ തുടങ്ങിയവർ സംബന്ധിച്ചു.