covid-

കൊച്ചി: കൊവിഡ് മൂലം മാനസിക പിരിമുറുക്കവും ഉറക്കമില്ലായ്മയും അനുഭവിക്കുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നു. നിരീക്ഷണത്തിലുള്ളവരും കൊവിഡ് ബാധിതർക്കുമായി സംസ്ഥാന സർക്കാർ നടത്തുന്ന 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' പദ്ധതിയി​ലെ പരിശോധനയിലാണ് കണ്ടെത്തൽ. സംസ്ഥാനത്താകെ 26,61,298 പേർക്ക് ഇവർ തുണയായി​.
എറണാകുളം ജില്ലക്കാരാണ് പദ്ധതി​യെ കൂടുതലായി​ ആശ്രയി​ച്ചത്. 3,32,170 പേർ. ഇവരിൽ 18,960 പേർക്ക് കൗൺസലിംഗ് വേണ്ടിവന്നു. 24 പേർക്ക് മരുന്നു നൽകിയുള്ള ചികിത്സ ആരംഭിച്ചു.

 ആശങ്കകളേറെ
പകർച്ചവ്യാധി ഭയം, തൊഴിലില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങി കൊവിഡുകാലത്ത് ജനങ്ങളുടെ പ്രശ്നങ്ങൾ നിരവധിയാണ്. കടുത്ത നിരാശയിലേക്കും ഉത്കണ്ഠയ്ക്കും വഴിയൊരുക്കുന്നുണ്ട്. കൊവിഡ് മുക്തരായവരുടെ മാനസിക ബുദ്ധിമുട്ടുകളും നി​സാരമല്ല.

 ഒറ്റയ്ക്കല്ല ഒപ്പമുണ്ട് പദ്ധതി

കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ലിസ്റ്റ് ഓരോ ജില്ലയിലേയും ടീമുകൾക്ക് കൈമാറും. ഓരോരുത്തരെയും കൗൺസലർമാർ നേരിട്ടു വിളിക്കും. മാനസികമായ ബുദ്ധിമുട്ടുകളോ ആവശ്യങ്ങളോ ചോദിച്ചറിയും. മാനസിക പി​ന്തുണ വേണ്ടി​വന്നാൽ രണ്ടാമത്തെ കോളിൽ സൈക്യാട്രിസ്റ്റ് നേരിട്ട് സംസാരിച്ച് പരിഹാരം നിർദേശിക്കും. മരുന്നുകൾ പി.എച്ച്.സി വഴി എത്തി​ക്കും. രോഗവിമുക്തരായവരെ 20 ദിവസങ്ങൾക്ക് ശേഷം വീണ്ടും വി​ളി​ക്കും. മാനസികരോഗമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ, വയോജനങ്ങൾ തുടങ്ങിയവരെയും പദ്ധതി വഴി അങ്ങോട്ടു ബന്ധപ്പെടുന്നുണ്ട്.

 റിപ്പോർട്ട് ചെയ്ത് കേസുകൾ

മാനസിക പിരിമുറുക്കം 3415
ഉത്കണ്ഠ 689
വിഷാദം 25
ഉറക്കമില്ലായ്മ 981
അപമാന പ്രശ്‌നങ്ങൾ (രോഗം വന്നത് മൂലം) 696
മാനസിക പ്രശ്‌നങ്ങൾ 18