കോലഞ്ചേരി: ലോക്ക് ഡൗൺ ആരംഭിച്ചതോടെ വിപണയിൽ തേങ്ങ വിലയിടിയുന്നു. ചില്ലറ വില്പന വില 40 ലെത്തി. നേരത്തെ വില ഉയർന്ന് 58 വരെയെത്തിയിരുന്നു. ഇനിയും വില കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. നാളികേരം വിൽക്കാൻ കഴിയാത്തതാണ് പ്രധാന കാരണമായി കർഷകർ ചൂണ്ടികാണിക്കുന്നത്.
സർക്കാരും വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സൗജന്യ കിറ്റു വിതരണം തുടങ്ങിയതോടെ വീടുകളിൽ വെളിച്ചെണ്ണ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നുള്ള കാരണവും വില കുറയാൻ ഇടയാക്കി.
തെങ്ങുകയറ്റക്കൂലി ഒരുതെങ്ങിന് 40 - 50 രൂപയാണ്. ചെലവുകഴിഞ്ഞാൽ ഒരു തേങ്ങയിൽ നിന്ന് കർഷകനുള്ള വരുമാനം 2 - 3 രൂപ മാത്രമായി. ഇതോടെ കർഷകർക്ക് തെങ്ങുകളുടെ പരിപാലനത്തിനുപോലും ആവശ്യത്തിനു പണം കണ്ടെത്താനാകാത്ത സ്ഥിതിയാണ്.
തേങ്ങ കൊപ്രയാക്കുന്നതിനുള്ള ചിലവ് കുറവാണെന്നതാണ് നാളികേര വിപണി തമിഴ്‌നാട്ടിലേക്ക് മാറാൻ കാരണം. കേരളത്തിൽ 100 തേങ്ങ കൊപ്രയാക്കുമ്പോൾ ചെലവ് ഏകദേശം 200 രൂപയാണ്. തമിഴ്‌നാട്ടിൽ ഇത് 50 രൂപയാണെന്നു കച്ചവടക്കാർ പറയുന്നു. വൻകിട കമ്പനികൾ വൻതോതിൽ മറ്റു രാജ്യങ്ങളിൽ നിന്ന് വെള്ളിച്ചെണ്ണ ഇറക്കുമതി നടത്തുന്നുണ്ട്. ഇതും നാളികേര വിലയെ ബാധിച്ചിട്ടുണ്ട്. മഴക്കാലമെത്തിയതോടെ കൃഷി പണി ആരംഭിക്കേണ്ട സമയമായി. വിളവിന് വില ലഭിക്കാതെ വന്നതോടെ വളം വാങ്ങാനും കർഷക തൊഴിലാളിക്ക് കൂലി കണ്ടെത്താനും പണമില്ലാത്തത് കർഷകർക്ക് ഇരുട്ടടിയായി.
വ്യാപാരം നടക്കുന്നില്ല
നാളികേരം വിൽക്കാൻ കഴിയാതെ പറമ്പിൽ കൂട്ടിയിട്ടിരിക്കുകയാണ് പല കർഷകരും. നാളികേര കടകൾ തുറക്കുന്നില്ല. നാളികേരം കൂടുതലും ഇതര സ്ഥലങ്ങളിലേക്കാണ് പോയിരുന്നത്. ചരക്കുനീക്കം നടക്കാത്തതും വില കുറയാൻ കാരണമാണ്. ആഴ്ചയിൽ നിശ്ചിത ദിവസമെങ്കിലും നാളികേരം വിൽക്കാൻ സംവിധാനം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം. വൻകിട കൊപ്ര ആട്ടുന്ന മില്ലുകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല. ചെറുകിട മില്ലുകളിൽ കൊപ്ര ഉണക്കിയെടുക്കുന്നതിന് മഴയൊട്ട് സമ്മതിക്കുന്നുമില്ല. ഇതോടെ തമിഴ്നാട്ടിൽ നിന്ന് തേങ്ങ എടുക്കുന്നത് നിർത്തി. വെട്ടിയിട്ട തേങ്ങ കിട്ടുന്ന വിലക്ക് വിറ്റഴിക്കാനാണ് കർഷകരുടെ ശ്രമം.