പറവൂർ: പറവൂർ നഗരസഭയുടെ 2021- 22 വർഷത്തെ ധനകാര്യ കമ്മീഷന്റെ അടിസ്ഥാന വിഹിതമായ 77.73 ലക്ഷം രൂപയും പ്രത്യേക ഉദ്ദേശഗ്രാന്റായ 1,16,60,000 രൂപ ഉൾപ്പെടെ ആകെ 1,94,33,000 രൂപയുടെ പദ്ധതികൾ നഗരസഭ കൗൺസിലിൽ അംഗീകരിച്ചു. ഓൺലൈനായി നടന്ന കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു.
പുതിയ ഷോപ്പിംഗ് കോംപ്ലക്സ് പ്രാരംഭ പ്രവൃത്തികൾ (10 ലക്ഷം), കെ.ആർ. വിജയൻ മെമ്മോറിയിൽ ഷോപ്പിംഗ് കോംപ്ലക്സ് മെയിന്റനൻസ് (3.16 ലക്ഷം), വിവിധയിടങ്ങളിലെ ഹൈമാസ്റ്റ് അറ്റകുറ്റപ്പണികൾക്ക് (3.72 ലക്ഷം), വൃദ്ധസദനം പരിപാലനം (4.50 ലക്ഷം), അംബേദ്കർ പാർക്കിലെ റിപ്പയറിംഗ് (2 ലക്ഷം), മുനിസിപ്പൽ ഓഫീസ് അറ്റകുറ്റപ്പണി (10 ലക്ഷം), തെരുവുവിളക്ക് പരിപാലനം (9.20 ലക്ഷം), നഗര ഉപജീവന കേന്ദ്രത്തിലേക്ക് എ.സി. ആൻഡ് ജനറേറ്റർ (10ലക്ഷം), ടാക്സി സ്റ്റാൻഡ് കോംപ്ലക്സ് റിപ്പയറിംഗ് (10 ലക്ഷം), സ്ട്രീറ്റ്ലൈൻ എക്സ്ടെൻഷൻ വാർഡുതലം (10.15 ലക്ഷം), സ്ട്രീറ്റ്ലൈറ്റ് ട്യൂബ്സെറ്റ് വാങ്ങൽ (5ലക്ഷം), ചെറുകിട വ്യവസായകേന്ദ്രം - ടോയ്ലെറ്റ് നവീകരണം (1.50 ലക്ഷം), വെടിമറ പ്ലാന്റിൽ ശൗചാലയം (2 ലക്ഷം), എം.സി.എഫ് നിർമ്മാണം (8.65 ലക്ഷം), മാലിന്യനീക്കത്തിന് വാഹനം (13ലക്ഷം), വെടിമറ പ്ലാന്റിലെ ലെഗസി വേസ്റ്റ് നിർമ്മാർജനം (45 ലക്ഷം), കൊറ്റംകുളം ശുചീകരണം (5 ലക്ഷം), വിവിധ വാർഡുകളിലെ തോടുകളുടെ പുനരുദ്ധാരണം (11.60 ലക്ഷം), കുടിവെള്ള പെപ്പ്ലൈൻ ദീർഘിപ്പിക്കൽ (14.50 ലക്ഷം), പള്ളിത്താഴം മാർക്കറ്റിലെ വേസ്റ്റ്‌വാട്ടർ ട്രീറ്റ്മെന്റുപ്ലാന്റ് ആൻഡ് ടോയ്ലെറ്റ് നവീകരണം (10 ലക്ഷം), സ്ലോട്ടർഹൗസ് നവീകരണം (5.35 ലക്ഷം).
കഴിഞ്ഞ സാമ്പത്തികവർഷം രണ്ട് ഘട്ടങ്ങളിലായി 1.75 കോടിരൂപ വീതം 3.50 കോടി ലഭിച്ചിരുന്നു. ഇത്തവണ 1.56 കോടി കുറവുണ്ട്.