ആലുവ: കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കിലും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനം പ്രവർത്തനരഹിതമായി ദിവസങ്ങളായിട്ടും പരിഹാരമില്ല. ഗ്രാമപഞ്ചായത്ത് അധികൃതരുടെ നിസംഗതക്കെതിരെ പ്രതിഷേധം ശക്തമാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 53 ശതമാനത്തോളമുള്ള പഞ്ചായത്തിൽ ദിനം പ്രതി കൊവിഡ് മരണങ്ങൾ നടക്കുന്നുണ്ട്. ശ്മശാനം പ്രവർത്തനരഹിതമായതിനാൽ കൊവിഡ് രോഗികളുടെ മൃതദേഹങ്ങളുമായി മറ്റ് സ്ഥാപനങ്ങളിലെ ശ്മശാനങ്ങൾ തേടി അലയേണ്ട അവസ്ഥയിലാണ് ബന്ധുക്കൾ. അതിനാൽ പലപ്പോഴും കൃത്യസമയത്ത് സംസ്കാര ചടങ്ങുകൾ നടത്താനും കഴിയുന്നില്ല. കഴിഞ്ഞ ദിവസം മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം ആലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. ഇതുവഴി നാട്ടുകാർക്ക് അധിക സാമ്പത്തിക ചെലവ് വരുന്നു.

ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണം

ജില്ല പഞ്ചായത്ത് 65 ലക്ഷവും ഗ്രാമപഞ്ചായത്ത് 29 ലക്ഷവും ചെലവഴിച്ചാണ് ഗ്യാസിൽ പ്രവർത്തിക്കുന്ന ശ്മശാനം നിർമ്മിച്ചത്. ഒന്നര വർഷം മുമ്പായിരുന്നു ഉദ്ഘാടനം. അറ്റകുറ്റപണിയുടെ ചുമതല പഞ്ചായത്തിനാണ്. എന്നാൽ ഇതുവരെ കേടുപാടുകൾ തീർക്കുന്നതിനുള്ള നടപടിയുണ്ടായിട്ടില്ല. 45 ൽ കൂടുതൽ കൊവിഡ് മരണങ്ങൾ പഞ്ചായത്തിൽ നടന്നിട്ടുണ്ട്. സാധാരണ മരണങ്ങൾ വേറെയും. പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തി പ്രവർത്തനസജ്ജമാക്കണമെന്ന് പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി അവശ്യപെട്ടു.