കൊച്ചി: കൊവിഡ് രോഗികൾക്ക് സൗജന്യചികിത്സ സൗകര്യവുമായി ലൂർദ് ആശുപത്രിയുടെ മെഡിക്കൽ സംഘം വീടുകളിലെത്തും.

കൃത്യമായ ചികിത്സ കിട്ടാതെ കഴിയുന്നവരെ സഹായിക്കാനാണ് കൊവിഡ് പോരാളികൾ വീട്ടുപടിക്കൽ എന്ന പദ്ധതി ആരംഭിക്കുന്നത്. ചികിത്സ ആവശ്യമെങ്കിലും ആശുപത്രിയിലെത്താൻ കഴിയാത്ത വൃദ്ധർ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് ഫാമിലി മെഡിസിൻ വിഭാഗം ഡോക്ടറും നഴ്‌സും അടങ്ങുന്ന സംഘം പ്രാഥമിക പരിശോധനകൾ നടത്തി മരുന്നുകൾ നൽകും.

രോഗത്തെകുറിച്ചുള്ള ബോധവത്കരണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഭക്ഷണ ക്രമീകരണത്തെ കുറിച്ചുള്ള വിവരങ്ങളും ആവശ്യമെങ്കിൽ കൗൺസിലിംഗും ടെലിമെഡിസിൻ സംവിധാനവും നൽകും. ആശുപത്രിയുടെ 10 മുതൽ 15 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് സൗജന്യസേവനം ലഭിക്കുക. മറ്റുള്ളവർക്ക് ടെലി കൺസൾട്ടേഷൻ വഴിയും ഡോക്ടറുടെ സേവനം ലഭിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ അറിയിച്ചു. രോഗബാധിതരായി വീടുകളിൽ കഴിയുന്നവർക്ക് നേരിട്ട് ചികിത്സ ലഭ്യമാകുന്ന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. രോഗബാധിതരുടെയും കുടുംബാംഗങ്ങളുടെയും മാനസിക പ്രശ്‌നങ്ങൾക്ക് വിദഗ്‌ദ്ധരുടെ സേവനം ഉൾപ്പെടുന്ന 2500 രൂപ ചെലവ് വരുന്ന 10 ദിവസത്തെ കൊവിഡ് കെയർ വെർച്വൽ പാക്കേജുകളും കൊവിഡാനന്തര പാക്കേജുകളും ലഭ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക് : 9496002624.