മൂവാറ്റുപുഴ: പൊലീസ് ബാരിക്കേഡ് ഇടിച്ചു തെറിപ്പിച്ച് കാറിൽ വാഷും വാറ്റ് ഉപകരണങ്ങളും കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘം അറസ്റ്റിലായി. കാവന സ്വദേശി ജോബിൻ (21), വടകോട് സ്വദേശി ശ്യംകുമാർ (38), എബി (27) എന്നിവരും പ്രായപൂർത്തിയാകാത്ത മൂന്നു പേരുമാണ് പിടിയിലായത്.

കാവന പുളിക്കായത്തു കടവിന് സമീപം കഴിഞ്ഞ ദിവസമാണ് ബൈക്കിലും കാറിലുമായി എത്തിയ സംഘം പൊലീസ് കാവലില്ലാത്ത ബാരിക്കേഡ് ഇടിച്ചു തെറിപ്പിച്ചു കടന്നത്. വിവരം അറിഞ്ഞ് പണ്ടപ്പിള്ളി പാറക്കടവിനു സമീപം പൊലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ തടഞ്ഞപ്പോൾ എല്ലാവരും ഓടി രക്ഷപ്പെട്ടു. കാറിൽ നിന്ന് 45 ലിറ്റർ വാഷും ചാരായം വാറ്റാനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പല സ്ഥലത്തു നിന്നായി പിടികൂടി. പൊലീസ് സംഘത്തിൽ എസ്.ഐ വി.കെ. ശശികുമാർ, എൽദോസ് കുര്യാക്കോസ്, സുരേഷ്, സീനിയർ സി.പി.ഒ സുരേഷ് ചന്ദ്രൻ, സിപിഒമാരായ ബിബിൽ മോഹൻ, പി.കെ. സനൂപ്, ജിൻസ് കുര്യാക്കോസ്, ജിസ്മോൻ, സൈബർ സെൽ സിപിഒ റിതേഷ് എന്നിവരുമുണ്ടായിരുന്നു.