കൊച്ചി: പുതിയ സർക്കാർ വരുന്നതിനു മുന്നോടിയായി അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്, പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ (ഡി.ജി.പി ) അഡ്വ. മഞ്ചേരി ശ്രീധരൻ നായർ എന്നിവർ രാജി സമർപ്പിച്ചു. ഇതോടെ പുതിയ എ.ജിയും ഡി.ജി.പിയും ആരൊക്കെയെന്ന ചർച്ച ഹൈക്കോടതിയിലടക്കം സജീവമായി. സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ തുടരുമെന്നാണ് സൂചന. ഹൈക്കോടതിയിലെ 100 ലേറെ വരുന്ന സർക്കാർ അഭിഭാഷകരുടെ കാലാവധിയും മേയ് 31 ന് അവസാനിക്കും. ഇവരുടേതടക്കമുള്ള നിയമനങ്ങൾ പുതിയ സർക്കാരാണ് തീരുമാനിക്കേണ്ടത്. എ.ജിയുടെ നിയമനം ഉടൻ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ കെ. ഗോപാലകൃഷ്‌ണ കുറുപ്പിനെയാണ് പറഞ്ഞു കേൾക്കുന്നത്. ഏറ്റുമാനൂർ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ. സുരേഷ് കുറുപ്പിന്റെ സഹോദരനാണ് അദ്ദേഹം.