കോലഞ്ചേരി: വിളകൾക്ക് വിലയില്ലാതായതോടെ കാർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷം. കൊവിഡിന്റെ രണ്ടാംതരംഗം കർഷകരുടെ നട്ടെല്ലൊടിക്കുകയാണ്. ഇഞ്ചി, നേന്ത്റക്കായ, ചേന തുടങ്ങിയവയ്ക്കാണ് കനത്ത നഷ്ടം. നേന്ത്റക്കായയ്ക്കാണ് കൂടുതൽ നാശമുണ്ടായത്. കുരുമുളക്, റബർ വിലകൾ മെച്ചപ്പെട്ടുവരുന്നതിനിടെയാണ് കാലാവസ്ഥ വ്യതിയാനത്തിൽ വിളവ് കുറഞ്ഞത്. അന്യസംസ്ഥാനങ്ങളിൽ കൃഷിയിറക്കിയവർ ഇതോടെ ദുരിതത്തിലായി. നാട്ടിൽ സ്ഥലലഭ്യത കുറയുകയും തൊഴിലാളിക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഒട്ടേറെ കർഷകർ അന്യസംസ്ഥാനങ്ങളിലേക്ക് മാറിയത്.
കർണാടകത്തിൽ ഇഞ്ചിക്കൃഷി
ഇഞ്ചിക്കൃഷിക്കായി കർണാടകത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥലം പാട്ടത്തിനെടുത്ത് നിരവധിപേർ കൃഷിയിറക്കുന്നുണ്ട്. ഇതിനൊപ്പം വാഴ,ചേന, ചേമ്പ്, കാച്ചിൽ വരെ കൃഷിയിറക്കി. ഇഞ്ചി വിളവെടുത്ത സ്ഥലം മിതമായ നിരക്കിൽ പാട്ടത്തിന് ലഭ്യമാകാൻ തുടങ്ങിയതോടെ ഒട്ടേറെപ്പേർ ഇത്തരം കൃഷിയിലേക്ക് തിരിഞ്ഞു. കൂടുതൽ ലാഭകരം ഇഞ്ചിയാണെന്ന് അറിയാമെങ്കിലും ഇഞ്ചിയെ അപേക്ഷിച്ച് മുതൽമുടക്കും നഷ്ടത്തിന്റെ അളവും ഭയാനകമല്ലാത്തതിനാൽ കൂടുതൽപേരും വാഴയെയാണ് ആശ്രയിച്ചത്. താങ്ങാനാകാത്ത നഷ്ടം സംഭവിച്ചതിനെത്തുടർന്ന് ഇഞ്ചിക്കൃഷിയിൽനിന്ന് പിൻവാങ്ങാൻ നിർബന്ധിതരായവരും അവസാനശ്രമമെന്നന നിലയ്ക്ക് മറ്റ് കൃഷികളിലേക്ക് മാറിയിരുന്നു.
മലയാളികർഷകർ ആശങ്കയിൽ
മലയാളികൾക്ക് മാത്രം ഇത്തവണ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇഞ്ചി, വാഴക്കൃഷിയുള്ളത് 50,000 ഏക്കറിൽ അധികമാണ്. ഇതിൽ എഴുപത് ശതമാനത്തോളം വിറ്റെങ്കിലും ബാക്കി കിടക്കുന്നത് ഇനിയുള്ള മൂന്ന് മാസംകൊണ്ട് വിളവെടുത്ത് തീർക്കാൻ കഴിയുമോ എന്നതാണ് ആശങ്ക. വിളവെടുക്കാൻ ബാക്കിയുള്ളതിൽ 90 ശതമാനവും മലയാളികളുടേതാണെന്നതും പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നു. ഓഗസ്റ്റ് അവസാനത്തോടെ പുതിയ ഇഞ്ചി വിപണിയിൽ കൂടിയ അളവിൽ ലഭ്യമായിത്തുടങ്ങും. കഴിഞ്ഞ തവണ പഴയ ഇഞ്ചിക്ക് 5000 രൂപയ്ക്ക് മുകളിൽ വില ലഭിച്ചിരുന്ന ഘട്ടത്തിൽ പുതിയ ഇഞ്ചിക്ക് 1100 രൂപ മാത്രമാണ് ലഭിക്കുന്നത്.കൊവിഡിനെത്തുടർന്ന് ചരക്കുനീക്കം ഇത്തവണ പകുതിയോളമായി കുറഞ്ഞതാണ് വിലയിടിവിനെക്കാളുപരിയായി കർഷകർ നേരിടുന്ന വലിയ ഭീഷണി. ഇപ്പോൾ ഒരു വിലയ്ക്കും കായ വാങ്ങാൻ അവിടെ ആളില്ല. ഞാലിപ്പൂവൻ അടക്കം മറ്റുള്ളവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കുലകൾ കൃഷിയിടങ്ങളിൽ പഴുത്ത് നശിക്കുന്ന കാഴ്ചയാണ് എവിടെയും.
നിലവിൽ കർണാടകത്തിൽ ക്വിന്റലിന് 1200 രൂപ വരെയാണ് ഇഞ്ചിവില. നേന്ത്റക്കായയ്ക്ക് നാട്ടിൽ ഇപ്പോൾ 3000 രൂപയിലധികം വിലയുണ്ട്. നേന്ത്റക്കായയ്ക്ക് ലോക്ക് ഡൗണിന് മുമ്പ് 2400 രൂപ മാത്രമായിരുന്നു വില. ഇവിടത്തേതിനെക്കാൾ 500 - 600 രൂപയുടെ കുറവ്. ഗുണനിലവാരത്തിലും കാഴ്ചയിലും ഉന്നതനിലവാരം പുലർത്തുന്നതിനാൽ സാധാരണഗതിയിൽ ഇവിടത്തേതിനെക്കാൾ 500 രൂപയെങ്കിലും കൂടുതൽ കിട്ടിയിരുന്ന സ്ഥാനത്താണ് ഈ തകിടംമറിച്ചിൽ.