യാസും മൺസൂണും പണിയാകുമോ....

കൊച്ചി: സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ ചെല്ലാനം സ്വദേശികളെ ഭയപ്പെടുത്തുന്നു. വീണ്ടുമൊരു കടലാക്രമണം ഉണ്ടാകുമോ എന്ന ചങ്കിടിപ്പോടെയാണ് ചെല്ലാനം സ്വദേശികൾ. 26ന് ശക്തമായ കടലാക്രമണം ഉണ്ടാകുമെന്ന അനൗദ്യോഗിക വാർത്തയാണ് ചെല്ലാനംകാരെ ആശങ്കയിലാക്കുന്നത്. കടലിന്റെ ഒരു സംഹാര താണ്ഡവം കഴിഞ്ഞ് പലരും ബന്ധുവീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് തകർന്നതും അല്ലാത്തതുമായ വീടുകളിലേക്ക് മടങ്ങിയെത്തുന്നതേയുള്ളൂ. വീടിനുള്ളിലെ ചെളിയും കല്ലുകളും നീക്കി വശംകെടുകയാണ്.

വീട് വൃത്തിയാക്കാൻ തന്നെ ഭയമാണ്. വൃത്തിയാക്കി എല്ലാം പഴയ രീതിയിലേക്ക് എത്തുമ്പോൾ അടുത്ത കടൽക്ഷോഭം എല്ലാം താറുമാറാക്കുമോ എന്നാണ് ഭയത്തിലാണ്.

ഒരാഴ്ച മുമ്പുണ്ടായ കടലാക്രമണത്തിൽ ചെല്ലാനം ഹാർബർ ഭാഗത്തെ നിരവധി വീടുകൾ തകർന്നിരുന്നു. അവശേഷിക്കുന്ന വീടുകളിൽ ചെളിയും കടൽഭിത്തിയിലെ കല്ലും കയറി നിറഞ്ഞു.

വൈദ്യുതി കഴിഞ്ഞ ദിവസമാണ് പലയിടത്തും പുന:സ്ഥാപിച്ചത്. പലരുടെയും പൈപ്പ് കണക്ഷനുകളും വൈദ്യുത കണക്ഷനുകളും ഉപ്പുവെള്ളം കയറി താറുമാറായി. ഇതിനിടയിൽ വീണ്ടുമൊരു കടലാക്രമണം ഉണ്ടായാൽ ഞങ്ങളുടെ ജീവിതം തന്നെ വഴിമുട്ടുമെന്ന് ഇവർ പറയുന്നു.

ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത

അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അറബിക്കടലിൽ കാറ്റ് ശക്തിപ്രാപിച്ചു തുടങ്ങി. ഇപ്പോൾ കേരളത്തിൽ ലഭിക്കുന്നത് മൺസൂൺ സ്വഭാവമുള്ള മഴയാണ്. 24നു ശേഷം ശക്തമായ കാറ്റും മഴ ഉണ്ടാകുമെെന്നും അധികൃതർ പറയുന്നു.

ക്രമീകരണങ്ങൾ ഒരുക്കും

ചെല്ലാനം ഭാഗത്തെ പൊഴികളും കനാലുകളും അടിയന്തരമായി വൃത്തിയാക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ജില്ല കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. കടലാക്രമണം ഉണ്ടായാൽ ഇവരെ മാറ്റി പാർപ്പിക്കുന്നതിനുള്ള ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. ശാശ്വത പരിഹാരം കാണണം എങ്കിൽ കടൽ ഭിത്തി നിർമ്മിക്കണം. തത്ക്കാലത്തേക്ക് മണൽച്ചാക്കുകൾ നിരത്താനുള്ള നടപടികൾ സ്വീകരിക്കും.

ബെന്നി സെബാസ്റ്റ്യൻ,കൊച്ചി തഹസീൽദാർ