മൂവാറ്റുപുഴ: കെ.എസ്.ടി.എ മൂവാറ്റുപുഴ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലെ മെമ്പർമാർക്ക് പൾസ് ഓക്സിമീറ്ററുകൾ നൽകി. സബ് ജില്ലാതല ഉദ്ഘാടനം പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂരിൽ നടന്ന ചടങ്ങിൽ കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ആനി ജോർജ് മുൻ പഞ്ചായത്ത് പ്രസിഡന്റും പായിപ്ര ഗ്രാമീണ സഹകരണബാങ്ക് പ്രസിഡന്റുമായ ഒ.കെ. മോഹനന് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് മെമ്പർ ബെന്നി തോമസ്, പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ്, പഞ്ചായത്ത് മെമ്പർമാരായ ഇ.എം. ഷാജി, എ.ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
തുടർന്ന് പായിപ്ര സ്ക്കൂൾപടി, സൊസൈറ്റിപ്പടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കുകളിലും പൾസ് ഓക്സിമീറ്ററുകൾ നൽകി. വാളകം പഞ്ചായത്തിലെ മെമ്പർമാർക്ക് കെ.എസ്.ടി.എ സബ് ജില്ല ട്രഷറർ ബിനു മത്തായിയും മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർമാർക്ക് സബ് ജില്ലാ പ്രസിഡന്റ് ചന്ദ്രലാലും പൾസ് ഓക്സിമീറ്ററുകൾ കൈമാറി. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു പഞ്ചായത്തുകളിലും വിതരണം ചെയ്യുമെന്ന് ആനി ജോർജ് അറിയിച്ചു.