മൂവാറ്റുപുഴ: പൈനാപ്പിൾ കൃഷിക്കായി തൊഴിലാളികളെ കൊണ്ടുപോകുന്നതിന് ഇനി തടസമുണ്ടാവില്ലെന്ന് സർക്കാർ. പൈനാപ്പിൾ വിതരണം നിലച്ചതോടെ ദുരിതത്തിലായ കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയുക്ത എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. കൊവിഡ് വ്യാപനവും ലോക്ക് ഡൗണുംമൂലം ഗതാഗതനിരോധനം ഏർപ്പെടുത്തിയതോടെയാണ് കർഷകർ ദുരിതത്തിലായത്.
പണിക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിനും പാകമായ പൈനാപ്പിൾ വിപണിയിലെത്തിക്കുന്നതിനും തടസമായതോടെ ഈ മേഖല സമ്പൂർണസ്തംഭനത്തിലായി. കോടികളുടെ നഷ്ടമാണ് കർഷകർ നേരിടേണ്ടി വന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിക്ക് മാത്യു കുഴൽനാടൻ കത്ത് നൽകിയത്. അടിയന്തിര സാഹചര്യം വ്യക്തമാക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്.