കൊച്ചി: രാജ്യത്ത് കനത്തനാശനഷ്ടങ്ങൾ ഉണ്ടാക്കിയ ടൗട്ടേ ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള റീജിയൻ ലത്തീൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഗുജറാത്തിന് 1000 കോടി രൂപ സമാശ്വാസം പ്രഖ്യാപിച്ച പ്രധാനമന്ത്രി ദുരന്തബാധിതമായ മറ്റു സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും ജനങ്ങളുടെ ദുരിതത്തെയും കണക്കിലെടുക്കണമെന്നും ഭവനങ്ങൾ പൂർണമായും നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിന് 20 ലക്ഷം രൂപാവീതം നഷ്ടപരിഹാരം നൽകണമെന്നും കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ്പ് ജോസഫ് കരിയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ എന്നിവർ പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിന്റെ തീരസംരക്ഷണത്തിന് സമഗ്രമായ പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്നും കേരള സർക്കാരിനോട് കെ.ആർ.എൽ.സി.സി ആവശ്യപ്പെട്ടു. കേരള തീരത്തിന്റെ സംരക്ഷണത്തിന് സമഗ്രപദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി.