vaccine

കൊച്ചി: സംസ്ഥാനത്തെ നിലവിലെ വാക്‌സിൻ വിതരണത്തിന്റെ സ്ഥിതിയും കർമ്മപദ്ധതിയും വ്യക്തമാക്കി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിശദീകരണ പത്രിക നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകണമെന്നും കേന്ദ്ര സർക്കാരിന്റെ പുതുക്കിയ വാക്സിൻ നയം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം സ്വദേശി മാത്യു നെവിൻ തോമസ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

45 വയസിൽ താഴെയുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകേണ്ടതില്ലെന്ന കേന്ദ്രസർക്കാരിന്റെ നയംമാറ്റത്തെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്യുന്നത്. വാക്സിൻ കേന്ദ്രങ്ങളിലെ തിരക്കു നിയന്ത്രിക്കാൻ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. ഹർജികൾ മേയ് 24 ലേക്ക് മാറ്റി.