ecepl
കാട്ടാനക്കൂട്ടം നശിപ്പിച്ച വാഴകൾ

അങ്കമാലി: കാട്ടാനക്കൂട്ടം എടലക്കാട് ഗ്രാമത്തിൽ നാശം വിതച്ച് തിരിച്ചുപോയി. ഇന്നലെ രാത്രിയാണ് 13 അംഗ കാട്ടാനക്കൂട്ടം സീക്കാട് ഭാഗത്തെത്തിയത്. മഴമൂലം നാട്ടുകാർ ആനയിറങ്ങിയത് അറിഞ്ഞില്ല. പുലർച്ചെ അഞ്ച് മണിയോടെയുള്ള കാട്ടിലേക്കുള്ള തിരിച്ചുപോക്കാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ആനകൾ കൂട്ടമായി പ്ലാന്റേഷൻ ഭാഗത്തുനിന്ന് വെളളപ്പാറ ജംഗ്ഷനിൽ മൂക്കന്നൂർ ഏഴാറ്റുമുഖം റോഡിലെത്തി. അതിൽ 11 എണ്ണം സീക്കാട് എസ്‌റ്റേറ്റിൽ കയറി പ്ലാന്റേഷനിലേക്കുതന്നെ തിരിച്ചുപോയി. രണ്ടാനകൾ പുതുമന എസ്റ്റേറ്റിൽ പ്രവേശിച്ച് വഴി നീളെ കൃഷിനശിപ്പിച്ച് കട്ടിംഗ് കുന്നിലൂടെ പ്ലാന്റേഷനിലേക്ക് തിരിച്ചുപോയി.
പുതുമന ജോസഫ്, പുതുമനഅലക്‌സ്, പാനികുളം പോളച്ചൻ, ഗോപുരത്തിങ്കൽ ജോസ്, ഇക്കാൻ വർഗീസ് എന്നിവരുടെ കൃഷിയിടങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. പൈനാപ്പിൾ, വാഴ, റബർ, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.
പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. എം. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ആന്റു, ഗ്രാമപഞ്ചായത്ത് അംഗം സിജു ജിജു, അതിരപ്പിള്ളി റേഞ്ച് ഓഫീസർ ജിയോ ബേസിലും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി,
എടലക്കാട്, ഒലിവേലി, പോർക്കുന്നുപാറ, കട്ടിംഗ്, ഏഴാറ്റുമുറം, പ്രദേശങ്ങളിൽ വന്യമൃഗശല്യം വർദ്ധിക്കുകയാണ്. ജനങ്ങളുടെ ഭീതിയകറ്റാൻ വനംവകുപ്പിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. വർഗീസ് വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.