മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ അധികാരത്തിലിരിക്കുന്ന യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയും ചെയർമാനും ഭരണരംഗത്ത് തുടരുന്ന നിഷേധാത്മക നിലപാടിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ ചെയർമാന്റെ ചേംബറിൽ കുത്തിയിരിപ്പ് സമരം നടത്തി. കഴിഞ്ഞ കൗൺസിലും സംസ്ഥാന സർക്കാരും തുടങ്ങി വച്ചതും പൂർത്തിയാക്കിയതുമായപദ്ധതികളുടെ ഉദ്ഘാടനങ്ങൾ സ്വകാര്യസംരംഭംപോലെ നടത്തുന്ന നടപടികൾ തിരുത്തണമെന്നും പ്ലാൻഫണ്ട് വിനിയോഗിക്കുന്ന കാര്യത്തിൽ സുതാര്യത ഉണ്ടാകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കൗൺസിലർ കെ.ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ അഷറഫ്, കൗൺസിലർമാരായ പി.വി. രാധാകൃഷ്ണൻ, പി.എം. സലിം, ഫൗസിയ അലി, വി.എ. ജാഫർ സാദിക്ക്, സെബി കെ.സണ്ണി, മീര കൃഷ്ണൻ, സുധ രഘുനാഥ് എന്നിവർ സംസാരിച്ചു.