കാലടി: മലയാറ്റൂർ ഡിവിഷൻ വനാതിർത്തി ഗ്രാമമായ കണ്ണിമംഗലത്ത് പുലിശല്യം വർദ്ധിച്ചു. പ്രദേശവാസികൾ ഭീതിയിലാണ്. വളർത്തുമൃഗങ്ങളെ പുലി കൊന്നുതിന്നുന്നത് പതിവായി. ഭയംകൊണ്ട് ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നില്ലെന്നും ഫോറസ്റ്റ് അധികാരികളുടെ ഭാഗത്തുനിന്നും പുലിയെ പിടികൂടുവാൻ നടപടിയുണ്ടാകുന്നില്ലെന്നും മലയാറ്റൂർ - നീലീശ്വരം രണ്ടാം വാർഡുമെമ്പർ ബിജു പള്ളിപ്പാടൻ പറഞ്ഞു.

എന്നാൽ വനത്തിലൂടെ അലഞ്ഞുനടന്ന വളർത്തുമൃഗങ്ങളെയാണ് വന്യമൃഗങ്ങൾ വേട്ടയാടുന്നതെന്നും മനുഷ്യരെ ആക്രമിച്ചതായി അറിവില്ലെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കാലടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. അശോക് രാജ് പറഞ്ഞു. പുലിയെ പിടികൂടുവാൻ കൂട് സ്ഥാപിക്കുമെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.