മൂവാറ്റുപുഴ: വിളവെടുപ്പിന് പാകമായ മുടവൂർ പാടത്തെ നെൽക്കൃഷി കനത്ത മഴയിൽ വെള്ളം കയറി നശിച്ചു. കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. മുടവൂർ പാടശേഖരത്തിലെ 40 ഏക്കർ നെൽക്കൃഷിയാണ് നശിച്ചത്. 25 വർഷം തരിശായി കിടന്ന 40 ഏക്കർ പാടത്ത് സുവർണ ഹരിതസേനയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബറിലാണ് കൃഷി ഇറക്കിയത്. നല്ല വിളവ് ലഭിക്കുകയും ചെയ്തു. എന്നാൽ തൊഴിലാളിക്ഷാമത്താൽ വൈകിയാണ് കൊയ്ത്ത് ആരംഭിക്കാനായത്. കൊയ്ത്ത് പൂർത്തിയാക്കുന്നതിന് മുമ്പ് കാലംതെറ്റിവന്ന മഴയിൽ നെൽക്കതികുകൾ വെള്ളത്തിലായി. രണ്ട് ഏക്കറോളം സ്ഥലത്തെ നെല്ല് മാത്രമാണ് കൊയ്തെടുക്കാനായത്. കൊയ്തെടുത്ത നെല്ലും ഉണക്കാൻ സംവിധാനമില്ലാതെ നശിക്കുകയാണ്. കാലവർഷക്കെടുതിയിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടാലും കൃഷി ഉപേക്ഷിക്കാൻ ഈ കൂട്ടായ്മ തയ്യാറല്ല. മഴ തോർന്നാൽ വീണ്ടുംരണ്ടാം ഘട്ട കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.