 നഷ്ടം നികത്തണം: മന്ത്രി ചിഞ്ചുറാണിക്ക് നിവേദനം നൽകി

കൊച്ചി: ലോക്ക്ഡൗൺ കാലത്ത് പാൽ സംഭരണം വെട്ടിക്കുറയ്‌ക്കാനുള്ള തീരുമാനത്തിൽ നിന്ന് മിൽമ എറണാകുളംമേഖല പിന്മാറി. മലബാർ, എറണാകുളം മേഖലകൾ ഉച്ചകഴിഞ്ഞുള്ള പാൽസംഭരണം താൽക്കാലികമായി നിറുത്തിവയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മലബാറിൽ 40 ശതമാനവും എറണാകുളത്ത് 20 ശതമാനവും സംഭരണം കുറയ്ക്കാനായിരുന്നു തീരുമാനം.

എന്നാൽ ഇതുമൂലം ദുരിതകാലത്ത് കർഷകർ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് കണ്ട് തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. അങ്ങനെ മുഴുവൻ പാലും സംഭരിച്ചപ്പോൾ വിപണിയിലെ മാന്ദ്യം മിൽമയ്ക്ക് കടുത്ത നഷ്ടമുണ്ടാക്കുകയും ചെയ്തു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതുകൊണ്ട് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി എറണാകുളം ഡയറിയിൽമാത്രം ഒന്നരലക്ഷം ലിറ്റർ പാൽ മിച്ചം വരുന്നുണ്ട്. താൽക്കാലിക പ്രശ്നപരിഹാരം എന്നനിലയിൽ അധികം വരുന്ന പാൽ ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ പ്ലാന്റുകളിലേക്ക് ആയച്ച് പാൽപ്പൊടിയാക്കുകയാണ്. പാലിന്റെ വിലയ്ക്ക് പുറമെ ഒരു ലിറ്ററിന് ശരാശരി 15 രൂപയുടെ നഷ്ടമാണ് ഇതുമൂലം മിൽമ നേരിടുന്നത്.

നഷ്ടം പരിഹരിക്കുന്നതിന് സർക്കാർ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെത്തന്നെ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയെന്നും എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത് കേരളകൗമുദിയോട് പറഞ്ഞു. ക്ഷീരമേഖലയുടെ പ്രശ്നം പരിഹരിക്കുന്നതിന് കൊവിഡ് കെയർ സെന്ററുകളിലേക്ക് പാൽ വാങ്ങുമെന്ന മുഖ്യമന്ത്രി പ്രഖ്യാപനം നടപ്പിലായാൽ നഷ്ടത്തിന്റെ തോത് കുറയ്ക്കാനാകും. അതേസമയം ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലയിൽ മിൽമയുടെ കൂടുതൽ ബൂത്തുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ജില്ലാ കളക്ടറിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

 2.80 ലക്ഷം കർഷകർ, 879 സംഘങ്ങൾ

എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലായി പ്രവർത്തിക്കുന്ന 879 ക്ഷീരസഹകരണ സംഘങ്ങളാണ് എറണാകുളം മേഖലയിലുള്ളത്. 2.80 ലക്ഷം ക്ഷീരകർഷകരാണ് സൊസൈറ്റികളുടെ നട്ടെല്ല്. കട്ടപ്പന, കോട്ടയം, തൃശൂർ, എറണാകുളം ഡയറിയൂണിറ്റുകളിലാണ് നിലവിൽ പാൽസംഭരിച്ച് സംസ്കരിക്കുന്നത്.

പാൽ ശീതികരിച്ച് പാക്കറ്റുകളിലാക്കി വിപണിയിൽ എത്തിക്കുന്നതിന് പുറമെ ഇത്തരം അടിയന്തര ഘട്ടങ്ങളിൽ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സൗകര്യം ഡയറികളിൽ പരിമിതമാണ്. എറണാകുളത്ത് 2500 ലിറ്റർ ഐസ് ക്രീമും 40 കിലോഗ്രാം പേഡയും നിർമിക്കാനുള്ള സൗകര്യമുണ്ട്. പാൽപ്പൊടി നിർമാണത്തിനുള്ള സാങ്കേതികവിദ്യ മിൽമക്ക് ഇന്നും അന്യമാണ്.

 പ്രതിദിന നഷ്ടം ₹ 7.5 ലക്ഷം

സൊസൈറ്റികൾ

എറണാകുളം : 304

ഇടുക്കി : 174

കോട്ടയം : 203

തൃശൂർ : 198