kamco
അസാമിലേക്ക് അയയ്ക്കാൻ കൊണ്ടുവന്ന കാംകോയുടെ ടില്ലറുകൾ എറണാകുളം റെയിൽവേ സ്റ്റേഷനിൽ.

നെടുമ്പാശേരി: കൊവിഡ് പ്രതിസന്ധിക്കിടയിലും കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ (കാംകോ) നിർമ്മിച്ച 661പവർ ടില്ലറുകളും അനുബന്ധ ഉപകരണങ്ങളും അസമിലേക്ക് ട്രെയിൻ കയറി. മഹാമാരിയുടെ രണ്ടാം വരവിൽ ലോക്ക്‌ഡൗൺ സമയത്ത് അതിതീവ്ര മഴയെയും അതിജീവിച്ച് തൊഴിലാളികളുടെയും ഓഫീസർമാരുടെയും കഠിനശ്രമത്തിന്റെ ഫലമായാണ് ഇവ കയറ്റി അയച്ചത്.

അസം സർക്കാർ സബ്‌സിഡി സ്‌കീമിൽ കർഷകർക്ക് ഇവ വിതരണം ചെയ്യും. കാംകോ ഉത്പന്നങ്ങളുടെ പ്രധാന വിപണിയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. അവിടങ്ങളിലേക്ക് നാല് വർഷമായി കാംകോ ഉല്പന്നങ്ങൾ ട്രെയിൻ മാർഗം അയയ്‌ക്കുന്നുണ്ട്. കഴിഞ്ഞ വർഷവും അസമിലേക്കും തൃപുരയിലേക്കും 5000ലേറെ ടില്ലറുകളും അനുബന്ധ ഉപകരണങ്ങളും 1000ലേറെ കൊയ്ത്ത്‌‌ യന്ത്രങ്ങളും കയറ്റി അയച്ചിരുന്നു. കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കാംകോ 2019 -20ൽ 201 കോടി രൂപയുടെ വിറ്റുവരവും 5.66 കോടി രൂപയുടെ ലാഭവും നേടിയിരുന്നു.
പവർ ടില്ലർ കൂടാതെ മിനി ട്രാക്ടർ, കൊയ്ത് യന്ത്രമായ പവർ റീപ്പർ, ഗാർഡൻ ടില്ലർ, ബ്രഷ് കട്ടർ, പമ്പ് സെറ്റ്, ഗാർഹിക മൈക്രോ ടില്ലർ, വിവിധ തരം ടൂൾ കിറ്റുകൾ കൂടാതെ പോർട്ടബിൾ റൈസ് മിൽ, ഫ്ളവർ മിൽ, വിവിധ തരം സ്‌പ്രേയേറുകൾ എന്നിവയും കാംകോയുടെ ഉല്പന്നശ്രേണിയിലുണ്ട്. കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സർക്കാർ സബ്‌സിഡി ലഭിക്കും. തിരഞ്ഞെടുത്ത ഉല്പന്നങ്ങളും സ്പെയർ പാർട്‌സ്‌കളും ഓൺലൈൻ വില്പനക്കും പദ്ധതിയുണ്ട്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് കാംകോ നിരവധി സ്ഥലങ്ങളിൽ പാകമായ നെൽപ്പാടങ്ങൾ സൗജന്യമായി കൊയ്തു നൽകി. ഫോൺ: 9400865666.