കൊച്ചി: ദുരിത ബാധിത പ്രദേശമായ ചെല്ലാനത്തിന് കൈത്താങ്ങായി ജില്ലാ അഗ്നിശമന സേന. കടലാക്രമണത്തിൽ തകർന്നതും ചെളി നിറഞ്ഞതുമായ വീടുകൾ, പൊതു സ്ഥാപനങ്ങൾ, റോഡുകൾ എന്നിവ വൃത്തിയാക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ജില്ലാ ഫയർ ഓഫീസർ എ.എസ്.ജോജിയുടെ നേതൃത്വത്തിൽ വീടുകൾക്ക് സംരക്ഷണം ഒരുക്കുവാനും കടലെടുത്ത ഇടങ്ങളിലും ചെളി നിറഞ്ഞ ഇടവഴികളിലും ഉപയോഗിക്കുന്നതിനായും പതിനെട്ടായിരത്തിലധികം ചാക്കുകളും ശേഖരിച്ചു നൽകി.
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.പ്രസാദിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും പ്രദേശവാസികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ജില്ലയിലെ റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കുടിവെള്ള വിതരണവും നടത്തി. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചെല്ലാനത്തേക്ക് കുടിവെള്ളം എത്തിക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ ഗുളികകൾ, കൈയ്യുറകൾ, ശുചീകരണ സാമഗ്രികൾ എന്നിവയും വിതരണം ചെയ്തു.