p-rajeev

കൊച്ചി: വ്യവസായ ജില്ലയിൽ നിന്ന് വ്യവസായമന്ത്രിയായി പി.രാജീവ് വരുന്നത് ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് വ്യവസായ,വാണിജ്യലോകം കാണുന്നത്.

ജി.എസ്.ടി മുതൽ കൊവിഡ് മഹാമാരി വരെ തച്ചുതകർത്ത അവസ്ഥയിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിന് രാജീവിന്റെ മന്ത്രിസ്ഥാനം ഊർജം പകരുമെന്നാണ് പ്രതീക്ഷ.

പ്രതീക്ഷയിൽ ചെറുകിട വ്യവസായമേഖല

പ്രത്യേക സാമ്പത്തിക പാക്കേജ് ഉൾപ്പെടെ സഹായങ്ങളാണ് പ്രതീക്ഷ. ജില്ലയിൽ മുപ്പതിനായിരം ചെറുകിട, സൂക്ഷ്മ വ്യവസായ യൂണിറ്റുകളുണ്ട്. ഇവയിൽ നേരിട്ട് രണ്ടു ലക്ഷം പേർ നേരിട്ടും അത്രതന്നെ പരോക്ഷമായും ജോലി ചെയ്യുന്നു.

കൊവിഡ് പ്രതിസന്ധിയാൽ ശമ്പളം നൽകാനും വൈദ്യുതി ചാർജ് അടയ്ക്കാനും കഴിയാത്ത അവസ്ഥയിലാണ് ഭൂരിപക്ഷം യൂണിറ്റുകളുമെന്ന് കേരള സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ചെറുകിട വ്യവസായങ്ങൾ ഊന്നൽ നൽകിയാലേ ഇനി വ്യവസായ വളർച്ച നേടാൻ കഴിയൂ. സഹായ പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം സമർപ്പിച്ചിരുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായും ചർച്ച നടത്തി. മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനം പുതിയ മന്ത്രിക്കും കൈമാറും.

വളർത്തണം സ്റ്റാർട്ടപ്പുകളെ

നൂറിലേറെ സ്റ്റാർട്ടപ്പുകളാണ് വിജയകരമായി ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇവയിൽ 15 യുവസംരംഭകർക്ക് വിദേശ മൂലധനനിക്ഷേപം നേടാനും കഴിഞ്ഞു. കളമശേരിയിലാണ് സ്റ്റാർട്ടപ്പ് മിഷന്റെ ഇന്നവേഷൻ ഹബ്. കൊച്ചിയെ ഇന്നവേഷൻ ഹബായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് രാജീവിന്റെ മന്ത്രിസ്ഥാനം സഹായിക്കുമെന്ന് മിഷൻ വൃത്തങ്ങൾ പറഞ്ഞു. കൂടുതൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനും പുതിയ സംരംഭകരെ ആകർഷിക്കാനും പദ്ധതികൾ ആവശ്യമാണെന്ന് അധികൃതർ പറയുന്നു.

പൊതുമേഖലയ്ക്ക് കരുത്ത് നൽകണം

നിരവധി കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ നാടാണ് എറണാകുളം. നഷ്ടത്തിൽ നിന്ന് ലാഭത്തിലേയ്ക്ക് നീങ്ങുന്ന ശുഭകരമായ പ്രവണതയാണ് കഴിഞ്ഞ വർഷങ്ങളിലുണ്ടായത്. കെൽ, ടെൽക്ക്, ടി.സി.സി തുടങ്ങിയ യൂണിറ്റുകളെപ്പോലെ മറ്റു വ്യവസായങ്ങളെയും ലാഭത്തിലേയ്ക്ക് കൊണ്ടുവരാൻ ഇടപെടലുണ്ടാകണം. കേന്ദ്ര സ്ഥാപനമായ ബി.പി.സി.എല്ലിന്റെ ഓഹരി വില്പന പോലുള്ള നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള രാജീവ് പൊതുമേഖലയെ ശക്തിപ്പെടുത്താനും കുതിപ്പ് നൽകാനും സഹായിക്കുമെന്ന് തൊഴിലാളി സംഘടനകളും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

കുതിക്കാൻ ടൂറിസം ഭക്ഷ്യമേഖല

കൊച്ചിയുടെ ടൂറിസം, ഹോട്ടൽ, വ്യാപാരരംഗങ്ങളും ശുഭപ്രതീക്ഷയിലാണ്. ആഭ്യന്തര വിദേശ സഞ്ചാരികൾ ഏറ്റവുമധികം എത്തിച്ചേരുന്ന കേന്ദ്രമാണ് എറണാകുളം. ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്‌കരിക്കാനും നടപ്പാക്കാനും കഴിഞ്ഞാൽ സംസ്ഥാനത്തിന് തന്നെ നേട്ടമാകുമെന്ന് ഹോട്ടൽ, ടൂറിസം മേഖലയിലെ സംരംഭകർ നിർദേശിക്കുന്നു.

യുവാവായ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും കൊച്ചിക്കാരനായ പി. രാജീവും ചേർന്ന് ഇത് സാദ്ധ്യമാക്കുമെന്നാണ് പ്രതീക്ഷ.

നടുനിവർത്താൻ വ്യാപാരമേഖല

സംസ്ഥാനത്തെ ഏറ്റവും പ്രധാന വ്യാപരമേഖലയായ എറണാകുളം നാളുകളായി പ്രതിസന്ധിയിലാണ്. ചെറുകിട, ഇടത്തരം വ്യാപാരികൾ നിരവധി പ്രശ്‌നങ്ങൾ നേരിടുകയാണ്. കൊവിഡ് മൂലം ഒരുവർഷത്തോളമായി വ്യാപാരമേഖല തകർച്ചയിലാണ്. ജീവനക്കാരും അനുബന്ധ തൊഴിലാളികളും പ്രതിസന്ധിയിലാണ്. എറണാകുളത്തെ പ്രശ്‌നങ്ങൾ നേരിട്ടറിയുന്ന രാജീവ് ഇക്കാര്യത്തിൽ ഫലപ്രദമായി സ്വീകരിക്കുമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ഭാരവാഹികൾ പറഞ്ഞു.

പാക്കേജ് പ്രതീക്ഷയിൽ

ചരക്കുസേവന നികുതി നടപ്പാക്കിയത് മുതൽ പ്രളയവും കൊവിഡും ചെറുകിട വ്യവസായമേഖലയെ ബാധിച്ചു. സ്തംഭിച്ച അവസ്ഥയിലാണിപ്പോൾ. അതിന് വലിയ പ്രതീക്ഷയോടെയാണ് രാജീവിന്റെ മന്ത്രിസ്ഥാനത്തെ ഞങ്ങൾ കാണുന്നത്. കാര്യങ്ങൾ പഠിച്ച് അദ്ദേഹം വ്യവസായമേഖലയെ ശക്തമാക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടി. നസിറുദ്ദീൻ,​ ജനറൽ സെക്രട്ടറി,​കേരള സ്‌മോൾ

സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ

ശോഭനമായ കാലം പ്രതീക്ഷിച്ച്

സർക്കാരിന്റെ നയവും അത് നടപ്പാക്കാൻ കഴിയുന്ന പി. രാജീവിന്റെ നിശ്ചയദാർഢ്യവും ചേരുമ്പോൾ നല്ല കാലമാണ് പ്രതീക്ഷിക്കുന്നത്. ഒരുപാട് പദ്ധതികൾ ജില്ലയിൽ നടപ്പാക്കുന്നുണ്ട്. അവ പൂർത്തിയാക്കാൻ ഇച്ഛാശക്തിയുള്ള നേതൃത്വമാണ് വന്നിട്ടുള്ളത്.

ജി. കാർത്തികേയൻ,​ പ്രസിഡന്റ്,​ കേരള മർച്ചന്റ്‌സ്

ചേംബർ ഒഫ് കൊമേഴ്‌സ്

ഭക്ഷണമേഖലക്ക് സന്തോഷം

ചെറുകിട വ്യാപാരമേഖലയെ എല്ലാക്കാലത്തും ശക്തിപ്പെടുത്തണമെന്ന് പാർലമെന്റിലുൾപ്പെടെ വാദിച്ച വ്യക്തിയാണ് പി. രാജീവ്. ഭക്ഷണവിതരണ മേഖലയോട് മുൻ സർക്കാരും അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചത്. പുതിയ സർക്കാരിനെ പ്രതീക്ഷയാണ് കാണുന്നത്. അസോസിയേഷന്റെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അഹമ്മദ് ദേവൻകോവിൽ ഇക്കുറി മന്ത്രിയായതും ഞങ്ങൾക്ക് സന്തോഷം പകരുന്നതാണ്.

ജി. ജയപാൽ,​ജനറൽ സെക്രട്ടറി,​കേരള ഹോട്ടൽ

ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ

ഉത്തരവാദിത്വം നിറവേറ്റും: പി.രാജീവ്

പാർട്ടി വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചതെന്നും പാർട്ടിയും ജനങ്ങളും അർപ്പിച്ച വിശ്വാസത്തോട് കഴിവിന്റെ പരമാവധി ആത്മാർത്ഥത പുലർത്തുമെന്ന് പി .രാജീവ് പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി രാവിലെ ആറരക്ക് കളമശേരി ബി.ടി.ആർ.ഭവൻ അങ്കണത്തിലെ ഇ.ബാലാനന്ദൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താനെത്തിയതായിരുന്നു അദ്ദേഹം. പിണറായി സർക്കാർ മുന്നോട്ട് വെച്ച പ്രകടനപത്രിക പൂർണമായി നടപ്പാക്കുകയാണ് ലക്ഷ്യം. തനിക്ക് ലഭിച്ച വകുപ്പിനെക്കുറിച്ച് അനുഭവസമ്പന്നരിൽ നിന്ന് കൂടുതൽ പഠിക്കാൻ ശ്രമിക്കുമെന്നും രാജീവ് പറഞ്ഞു. സി.പി.എം സംസ്ഥാനക്കമ്മിറ്റി അംഗം കെ.ചന്ദ്രൻ പിള്ള, ജില്ലാക്കമ്മിറ്റി അംഗങ്ങളായ കെ.എൻ.ഗോപിനാഥ്, സി.കെ .പരീത്, ഏരിയ ആക്ടിംഗ് സെക്രട്ടറി കെ.ബി.വർഗീസ്, കമ്മിറ്റി അംഗം മുജീബ് റഹ്മാൻ, കരിം എന്നിവർ പങ്കെടുത്തു.