ഫോർട്ട്കൊച്ചി: ലോക്ക്ഡൗണിൽ ബീച്ചിലെ ചീനവല തൊഴിലാളികൾ ദുരിതത്തിലായതോടെ വീശുവല തൊഴിലാളികൾ സജീവമായി. കൊച്ചിയുടെ മുഖമുദ്രയായ 16 ഓളം ചീനവലകളാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ വർഷങ്ങളായി നടത്താത്ത നവീകരണവും മറ്റും കാരണം ഇപ്പോൾ പത്തിൽ താഴെയായി. മീൻ ഒന്നും ലഭിച്ചില്ലെങ്കിലും പരമ്പരാഗത തൊഴിലായതിനാലാണ് ഇവിടെ ജോലിക്ക് വരുന്നതെന്ന് തൊഴിലാളി ആന്റണി പറയുന്നു. ചീനവലയ്ക്ക് കഴക്ക് പറ്റിയ മരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് പലരും ഇരുമ്പാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ വല്ലപ്പോഴും ലഭിച്ചിരുന്ന പൊടിമീൻ പോലും മഹാമാരിയുടെ അടച്ചു പൂട്ടലിനെ തുടർന്ന് നിശ്ചലമായി. ചീനവലക്കാർ ഇല്ലാതായതോടെയാണ് വീശുവലക്കാർ കൂട്ടമായി കടപ്പുറത്ത് എത്തിയിരിക്കുന്നത്. അരയോളം വെള്ളത്തിൽ കടലിൽ ഇറങ്ങി കുട്ട വഞ്ചി രൂപത്തിൽ വലവീശി മീൻ പിടിക്കുന്ന രീതിയാണ് വീശുവല. രാവിലെ 6 മുതൽ 11 വരെയാണ് ഇവരുടെ മീൻപിടുത്തം.