കൊച്ചി: ടൗക്‌തെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ വ്യാപക നാശനഷ്ടമുണ്ടായ എറണാകുളം ജില്ലയിലെ തീരദേശ മേഖലകൾ സന്ദർശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനോട് പ്രദേശവാസികൾ തങ്ങളുടെ തീരാദുരിതം പങ്കുവച്ചു.
വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ മന്ത്രിയോട് ദുരിതം വിശദീകരിച്ചു. കിടപ്പാടവും ഉപജീവന മാർഗവും നഷ്ടമായ നിരവധി കുടുംബങ്ങളാണ് ഈ മേഖലയിലുള്ളതെന്ന് നാട്ടുകാർ പറഞ്ഞു.
തീരവും തൊഴിലും സംരക്ഷിക്കാൻ സാധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. ഭവനരഹിതരായവരുടെ പുനരധിവാസത്തിന് അടിയന്തര നടപടികളുണ്ടാകണം.തീരദേശ വാസികളുടെ പ്രശ്നങ്ങൾ കേന്ദ്ര ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. സംസ്ഥാന സർക്കാരുമായി ചേർന്ന് തീരദേശ വാസികളുടെ പ്രശ്നങ്ങൾക്ക് ശാസ്ത്രീയും ശാശ്വതവുമായ പരിഹാരത്തിന് കേന്ദ്രം ശ്രമിക്കും - മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ ചെല്ലാനത്താണ് മന്ത്രി ആദ്യം എത്തിയത്. കടൽഭിത്തിയെന്ന ആവശ്യം മാറിമാറി വന്ന സർക്കാരുകളൊന്നും യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കാത്തതിനാലാണ് ഓരോ കാലവർഷത്തിലും ദുരിത ജീവിതം നയിക്കേണ്ടി വരുന്നതെന്ന് ചെല്ലാനത്തെ നിരവധി കുടുംബങ്ങൾ മന്ത്രിയോട് പരാതിപ്പെട്ടു. പിന്നീട് മന്ത്രി കണ്ണമാലി സന്ദർശിച്ചു. നിരവധി വീടുകൾ തകർന്ന ഈ പ്രദേശത്ത് ആദ്യമായാണ് ഒരു മന്ത്രി എത്തുന്നതെന്ന് പ്രദേശ വാസികൾ പറഞ്ഞു. പിന്നീട് വൈപ്പിനും സന്ദർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശാനുസരണമാണ് ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളിൽ മന്ത്രി സന്ദർശനം നടത്തിയത്.