വൈപ്പിൻ: കടൽക്ഷോഭത്തെ തുടർന്ന് നായരമ്പലം ദേവിവിലാസം യു. പി. സ്‌കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്നവരിൽ പലരും തിരിച്ചുപോയിട്ടും മടങ്ങാൻ കൂട്ടാക്കാതെ 25 കുടുംബങ്ങൾ. നായരമ്പലം വെളിയത്താംപറമ്പ് കടപ്പുറം കപ്പേള പരിസരത്ത് ഉള്ളവരാണ് ഈ കുടുംബങ്ങൾ. തങ്ങളുടെ വീടുകൾ നിറയെ ചെളിയും മണ്ണുംനിറഞ്ഞ് കിടക്കുകയാണെന്നും അവിടെ ഇപ്പോൾ താമസിക്കാനാകില്ലെന്നും കാലവർഷം ഉടനെ തുടങ്ങാനിരിക്കുന്ന അവസ്ഥയിൽ ഇപ്പോൾ വീട്ടിൽചെന്നാൽ ഉടനെ തിരിച്ചുവരേണ്ടിവരുമെന്നും ഇവർ പറയുന്നു. ഓടിട്ട പഴയവീടുകളിൽ കഴിയുന്ന ഇവരുടെ വീട്ടുപരിസരങ്ങളിൽ കടൽ ക്ഷോഭിച്ചാൽ ചെളിയും മണ്ണും നിറഞ്ഞ വെള്ളം അടിച്ചുകയറുന്നത് പതിവാണ്. അതിനാൽ കാലവർഷം കഴിഞ്ഞിട്ടേ തിരിച്ചുപോകൂ എന്നാണ് ഇവരുടെ നിലപാട്.
തങ്ങളുടെ ഭാഗത്ത് രണ്ടരക്കിലോമീറ്റർ നീളത്തിൽ കടൽഭിത്തിയും കടൽക്ഷോഭത്തിന്റെ ശക്തികുറക്കാൻ പുലിമുട്ടുകളും അടിയന്തരമായി നിർമ്മിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യങ്ങൾ എം.പി, നിയുക്ത എം.എൽ.എ, പഞ്ചായത്ത് അധികാരികൾ എന്നിവർ ഉറപ്പ് നൽകണം. കാലവർഷസമയത്തുള്ള കടലാക്രമണം തടയാൻ മണൽബണ്ട് നിർമ്മിക്കാൻ ഇറിഗേഷൻ വകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനോട് തങ്ങൾക്ക് യോജിപ്പില്ല. കടലാക്രമണം തടയണമെങ്കിൽ കടൽഭിത്തി തന്നെ നിർമ്മിക്കണം.
നായരമ്പലം ഭഗവതി വിലാസം സ്‌കൂൾ, പ്രയാഗ തുടങ്ങിയ മറ്റ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരെല്ലാം തിരിച്ചുപോയിട്ടും ദേവി വിലാസത്തിലെ25 കുടുംബങ്ങൾ തിരിച്ചു പോകാത്തത് റവന്യൂ അധികൃതർക്കും പഞ്ചായത്തിനും തലവേദനയായിരിക്കുകയാണ്. ക്യാമ്പിൽ കഴിയുന്നവർക്ക് റവന്യൂ അധികൃതരാണ് ഭക്ഷണം എത്തിക്കുന്നത്. മേൽനോട്ടച്ചുമതല പഞ്ചായത്തിനുമുണ്ട്. തിരുവനന്തപുരത്ത് പോയിരിക്കുന്ന നിയുക്ത എം.എൽ. എ. തിരിച്ചു വന്നതിന് ശേഷം പ്രശ്‌നം പരിഹരിക്കാൻ കാത്തിരിക്കുകയാണ് വില്ലേജ്, പഞ്ചായത്ത് അധികൃതർ.