arun
കെ രാജന്റെ സത്യപ്രതിജ്ഞ ടി.വി.യിൽ വീക്ഷിക്കുന്ന നീലകണ്ഠൻ നായർ, ഭാര്യ സുശീല,കെ. രാജന്റെ മകൻ എൻ.അരുൺ തുടങ്ങിയവർ.

മൂവാറ്റുപുഴ: കെ.രാജൻ ഇന്നലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ ഗ്രാമവാസികൾ ആഹ്ലാദം പങ്കിടുകയായിരുന്നു. തൃക്കളത്തൂരിന്റെ മരുമകനാണ് കെ.രാജൻ. തൃക്കളത്തൂർ പുതുശ്ശേരിയിൽ പി.കെ. നീലകണ്ഠൻ നായരുടെയും സുശീലയുടെയും മകൾ അനുപമയാണ് കെ.രാജന്റെ ഭാര്യ.

റവന്യൂ മന്ത്രിയായി ചുമതലയേൽക്കുന്നത് നേരിട്ട് കാണാൻ കൊവിഡ് പ്രോട്ടോക്കോൾ തടസമായ സങ്കടത്തിലാണ് ബന്ധുക്കളും അയൽവാസികളും. പൊതുപ്രവർത്തന രംഗത്ത് തൃക്കളത്തൂരിന്റെ നിറസാന്നിദ്ധ്യമാണ് പുതുശ്ശേരി കുടുംബം. മുൻപായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ, വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നവരാണ് നീലകണ്ഠൻ നായരും സുശീല നീലകണ്ഠനും. എ.ഐ.എസ്.എഫ് മുൻ ദേശീയ കൗൺസിൽ അംഗമായിരുന്നു അനുപമ. കെ. രാജന്റെ മകൻ മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എൻ.അരുൺ, ഭാര്യ ശാരി എന്നിവരടങ്ങുന്ന ഈ കുടുംബം ഇന്നലെ ആഹ്ലാദ നിറവിലായിരുന്നു.

സത്യപ്രതിജ്ഞയ്ക്ക് കുടുംബാംഗങ്ങൾക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ യാത്ര ഒഴിവാക്കി.

വീട്ടിലിരുന്ന് കുടുംബാംഗങ്ങൾ ടി.വി യിൽ സത്യപ്രതിജ്ഞ വീക്ഷിച്ചു. വീട്ടിൽ ആശംസകളുമായി എത്തിയവർക്ക് മധുരം നൽകി. എ.ഐ.വൈ.എഫ് നേതാക്കളായ ജോർജ് വെട്ടിക്കുഴി, ജി.രാകേഷ്, സനു വേണുഗോപാൽ എന്നിവരും ആശംസകളുമായി പുതുശ്ശേരി വീട്ടിൽ എത്തിയിരുന്നു.

...