പള്ളുരുത്തി: ചെല്ലാനം കടൽകയറ്റ പ്രശ്‌നത്തിന് പരിഹാരം കാണാത്ത സർക്കാരിന്റെ പിടിപ്പുകേടിനെതിരെ സത്യപ്രതിജ്ഞാ ദിനത്തിൽ തീരദേശ വാസികൾ വീടുകളിൽ നിരാഹാര സമരം നടത്തി. വർഷങ്ങളായി ഇതിനെതിരെ സമരം ചെയ്തിട്ടും മാറി മാറി വരുന്ന സർക്കാരുകൾ ഈ പ്രദേശത്തെ അവഗണിക്കുകയാണെന്ന് ഇവർ പറയുന്നു. കടൽകയറ്റം മറയാക്കി തീരദേശ വാസികളെ തുച്ഛമായ തുക നൽകി കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചെല്ലാനം ജനകീയവേദി ഭാരവാഹികളായ മറിയാമ്മ ജോർജ് കുരിശിങ്കൽ, ജോസഫ് അറക്കൽ, ജോസഫ് ജയൻ കുന്നേൽ എന്നിവർ ആരോപിച്ചു. ഈ ശ്രമങ്ങളെ ചെറുക്കുമെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും ഇവർ അറിയിച്ചു. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.